02:02am 31 July 2026
NEWS
ഗതാഗതക്കുരുക്ക് ത്വരിതവികസനത്തിന്റെയും കുടിയേറ്റത്തിന്റെയും അനുബന്ധം: പ്രിയങ്ക് ഖാർഗെ
11/10/2025  11:17 AM IST
വിഷ്ണുമംഗലം കുമാർ
ഗതാഗതക്കുരുക്ക് ത്വരിതവികസനത്തിന്റെയും കുടിയേറ്റത്തിന്റെയും അനുബന്ധം: പ്രിയങ്ക് ഖാർഗെ

ബംഗളുരു: ത്വരിത വികസനത്തിന്റെയും വർധിച്ച കുടിയേറ്റത്തിന്റെയും അനുബന്ധമായാണ്  നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് ഐ ടി ബി ടി മന്ത്രി പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെട്ടു. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യൻ ഇന്നവേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. " അതിവേഗത്തിലാണ് നഗരം വികസിക്കുന്നത്. കഴിഞ്ഞവർഷം രാജ്യത്തെ വൻ നഗരങ്ങളിൽ ഓഫീസ് സ്പെയ്സിന് വലിയ ഡിമാന്റ് ഉണ്ടായി. അതിൽ നാല്പത് ശതമാനം ബംഗളുരുവിലായിരുന്നു."  "നഗരജനസംഖ്യയിൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധന 2.5 ശതമാനമാണ്. അതിൽ നല്ലൊരു പങ്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റമാണ്. 1.2 കോടി രജിസ്ട്രേഡ് വാഹനങ്ങളാണ് നഗരത്തിലുള്ളത്. അതിൽ 82 ലക്ഷം ഇരുചക്രവാഹനങ്ങളാണ്. കാറുകൾ 25 ലക്ഷമാണ്. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് ഏഴ് ലക്ഷം വാഹനങ്ങളാണ്. ഈ വർഷം ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 58913.ഈ പ്രശ്നങ്ങളൊക്കെ കണക്കിലെടുത്താണ് ഗവണ്മെന്റ് ഗതാഗതരംഗത്ത് വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഞങ്ങളുടെ ജി ഡി പി 8.5 ശതമാനമാണ്. അടുത്ത ഒരു ദശകക്കാലം ആ നില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്" മന്ത്രി വ്യക്തമാക്കി. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നോട്ടുവെച്ച തുരങ്കപ്പാത പദ്ധതിയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകർ അതിനെ എതിർക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img