07:41pm 14 August 2026
NEWS
ഓണ്‍ലൈന്‍ എച്ച്എസ്ആര്‍പി വില്‍പ്പനയില്‍ ക്രമക്കേട് സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാര സംഘടന കര്‍ശന നടപടി വേണമെന്ന് ആവശ്യം
12/08/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണ്‍ലൈന്‍ എച്ച്എസ്ആര്‍പി വില്‍പ്പനയില്‍ ക്രമക്കേട് സംസ്ഥാനത്തിന് 200 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാര സംഘടന കര്‍ശന നടപടി വേണമെന്ന് ആവശ്യം

കോഴിക്കോട് : 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സര്‍ക്കാര്‍ അനുമതിയില്ലാതെ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇത്തരം അനധികൃത വില്‍പ്പന നടത്തുന്ന ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ (സിഎംവിആര്‍) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഓര്‍ഡറും അനുസരിച്ചാണ് എച്ച്എസ്ആര്‍പി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഇതനുസരിച്ച് 2019 ഏപ്രില്‍ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അതോറിറ്റിയോ വാഹന നിര്‍മ്മാതാക്കളോ അവരുടെ അംഗീകൃത ഡീലര്‍മാരോ വഴി എച്ച്എസ്ആര്‍പി നല്‍കാം. എന്നാല്‍ 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റി, വാഹന നിര്‍മ്മാതാക്കള്‍, അവരുടെ ഡീലര്‍മാര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍, അവരുടെ ഡീലര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ എച്ച്എസ്ആര്‍പി നല്‍കാന്‍ സാധിക്കൂ.

വാഹന നിര്‍മ്മാതാക്കള്‍ അവരുടെ ഡീലര്‍മാര്‍ക്ക് ശൂന്യമായ എച്ച്എസ്ആര്‍പി പ്ലേറ്റുകള്‍ മാത്രമാണ് നല്‍കേണ്ടത്. വാഹന നമ്പര്‍ പതിപ്പിക്കുന്നതും മൂന്നാമത്തെ രജിസ്‌ട്രേഷന്‍ അടയാളം അച്ചടിക്കുന്നതും വാഹനത്തില്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതും ഡീലര്‍മാര്‍ തന്നെയായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

മൂന്നാം കക്ഷി ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കളെ പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് നേരിട്ട് എച്ച്എസ്ആര്‍പി കള്‍ വില്‍ക്കുന്നതിന് അധികാരപ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കളെയോ അവരുടെ ഡീലര്‍മാരെയോ ചുമതലപ്പെടുത്താന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് എച്ച്എസ്ആര്‍പി അഖിലേന്ത്യ ട്രഷറര്‍ കിഷോര്‍ കെ കെ പറഞ്ഞു.

2026 ജൂണ്‍ 16 ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നല്‍കിയ അറിയിപ്പിലും 2019 ഏപ്രില്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എച്ച്എസ്ആര്‍പി വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നെന്നും കിഷോര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ വാഹന നിര്‍മ്മാതാക്കളുടെ അംഗീകാരമുണ്ടെന്ന് അവകാശപ്പെട്ട് നിരവധി ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍ പഴയ വാഹനങ്ങള്‍ക്ക് എച്ച്എസ്ആര്‍പി വിതരണം ചെയ്യുന്നുവെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

കേരളത്തില്‍ 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏകദേശം 1.3 കോടി വാഹനങ്ങളാണുള്ളത്. ഇവയ്ക്കുള്ള എച്ച്എസ്ആര്‍പി വിതരണത്തിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ഓരോ പ്ലേറ്റിനും സര്‍ക്കാര്‍ റോയല്‍റ്റി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനത്തിന് പുറത്തുളള അനധികൃത വില്‍പ്പന തുടരുന്നതിനാല്‍ സര്‍ക്കാര്‍ റോയല്‍റ്റി നഷ്ടപ്പെടുകയാണെന്നും ഏകദേശം 200 കോടിയോളം രൂപ നഷ്ടമാകുമെന്നും
അസോസിയേഷന്‍ വിലയിരുത്തുന്നു.

സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ സുതാര്യമായ ടെന്‍ഡര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് നിയമലംഘനത്തിനും സര്‍ക്കാരിന് വരുമാനം നഷ്ടമാകുന്നതിനും ഇടയാക്കുമെന്നും കിഷോര്‍ വ്യക്തമാക്കുന്നു.

2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിതരണക്കാരെ നിയമിക്കുന്നതുവരെ പിഴ ഈടാക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. 2024 ല്‍ സംസ്ഥാന സര്‍ക്കാരും സമാന നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് 2019 ഏപ്രില്‍ ഒന്നിന് മുമ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് എച്എസ്ആര്‍പി നിര്‍ബന്ധമാക്കിയിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഓടുന്ന ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്നും വ്യക്തമാക്കിയിരുന്നു.

വാഹന നിര്‍മ്മാതാക്കളും അവരുടെ അംഗീകൃത ഡീലര്‍മാരും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളും 2018 ലെ എച്ച്എസ്ആര്‍പി ഉത്തരവും കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പഴയ വാഹനങ്ങള്‍ക്ക് എച്ച്എസ്ആര്‍പി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img