
ദോഹ: ഖത്തറിലെ വാടക കാറുകൾ, ലിമോസിനുകൾ, ഡെലിവറി വാഹനങ്ങൾ, ട്രക്കുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വാണിജ്യ വാഹനങ്ങളിൽ ട്രാക്കിംഗ് ചിപ്പുകൾ (Tracking Chips) ഘടിപ്പിക്കുന്നത് നിർബന്ധമാക്കി പുതിയ ഗതാഗത നിയമം. വാഹന രജിസ്ട്രേഷൻ നടപടികളുടെയും റോഡ് സുരക്ഷയുടെയും ഭാഗമായാണ് ഈ പരിഷ്കാരം. 2026 നവംബർ 18-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2026-ലെ 19-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 6-ലാണ് ഇത് സംബന്ധിച്ച വ്യവസ്ഥകളുള്ളത്. 2026 ഡിസംബർ 19 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വാഹനം രജിസ്റ്റർ ചെയ്യുന്നതിനും നിരത്തിലിറക്കുന്നതിനും മുൻപായി ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ചിരിക്കണം. സാങ്കേതിക പരിശോധനകൾക്കും റോഡിലൂടെയുള്ള വാഹനത്തിന്റെ സഞ്ചാരപാത തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായാണ് ഇത് ഉപയോഗിക്കുന്നത്. ഗതാഗത മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. കൂടാതെ, രജിസ്ട്രേഷന് മുൻപ് വാഹനങ്ങൾ അംഗീകൃത ഖത്തർ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.ആർട്ടിക്കിൾ 113 പ്രകാരം, ട്രാക്കിംഗ് ചിപ്പ് ഘടിപ്പിക്കാത്ത പക്ഷം 10,000 ഖത്തർ റിയാൽ വരെ പിഴയോ ആറ് മാസം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഔദ്യോഗിക ഒത്തുതീർപ്പ് (Settlement) പട്ടിക പ്രകാരം ആർട്ടിക്കിൾ 6-ലെ ആദ്യ ഖണ്ഡിക ലംഘിക്കുന്നതിന് 3,000 റിയാലാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.പഴയ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് പുതിയ നിബന്ധനകൾ പാലിക്കുന്നതിനായി നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആറ് മാസം വരെ സാവകാശം (Transitional period) അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ആഭ്യന്തര മന്ത്രിക്ക് ഈ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിനൽകാൻ സാധിക്കും. ഗതാഗത നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.











