
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭകൾ ബിജെപിയെ പിന്തുണയ്ക്കാത്തതിനെ തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ക്രൈസ്തവ പ്രീണനത്തിനെതിരെ വിമർശനം ശക്തമാകുന്നു. ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ കുറേക്കാലമായി ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് സൈബറിടങ്ങളിൽ ഉയരുന്നത്. ബിജെപിയുടെ ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കത്തെയും സംസ്ഥാന നേതൃത്വത്തെയും കടുത്ത വിമർശനവുമായി മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി.പി. സെൻകുമാറും രംഗത്തെത്തി.
ബിജെപി തങ്ങളുടെ മുഖ്യ വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇത്തരം സമീപനത്തെക്കുറിച്ച് താൻ മുൻപേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ സംഭവവികാസങ്ങൾക്കുശേഷം ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത നേതൃത്വവും, അതിനെ ചോദ്യം ചെയ്യാത്ത അനുയായികളും ബിജെപിയുടെ ദൗർബല്യത്തിന് കാരണമായെന്നും അദ്ദേഹം പരിഹസിച്ചു.
വോട്ടെടുപ്പിന് പിന്നാലെ സഭയെ വിമർശിച്ച പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവരുടെ നിലപാടുകൾ ശരിയാണെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിഭാഗങ്ങൾ ബിജെപിയിൽ നിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ മാത്രം താൽപര്യമുള്ളവരാണെന്നും, പാർട്ടിക്ക് തിരിച്ചുനൽകുന്ന പിന്തുണ എന്താണെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. അതേസമയം, ആഗോളതലത്തിൽ ഉയരുന്ന ഭീഷണികളിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കാൻ ബിജെപിക്കാണ് കഴിവെന്ന തിരിച്ചറിവ് ആ സമൂഹത്തിനുണ്ടാകേണ്ടതുണ്ടെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. അവരുടെ പിന്തുണ ഇല്ലാതെയും രാജ്യഭരണം നടത്താൻ ബിജെപിക്ക് കഴിവുണ്ടെന്നും, ഈ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വിജയങ്ങൾ അതിന്റെ തെളിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.
ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്.
കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?
ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം!
ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം.
അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !











