
കോഴിക്കോട്: മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. കോൺഗ്രസിലെ നേതൃ മാറ്റം ഏതെങ്കിലും തരത്തിൽ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയിലൂടെ കോൺഗ്രസിന്റെ ജീർണമുഖമാണ് പുറത്തുവന്നതെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും യുഡിഎഫിൽ എത്തിക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കെ. സുധാകരൻ എത്ര പ്രകോപനസമീപനമെടുത്താലും പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽവരും. നിലവിൽ ഇടതുമുന്നണിക്ക് ഒരു ആശങ്കയുമില്ല. വർഗീയ ശക്തികളുടെ പിന്തുണയോടെ അധികാരത്തിൽ വരാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മതരാഷ്ട്രവാദം പറയുന്നു. മുസ്‌ലിം ലീഗ് നേതൃത്വം ഇവരെ യുഡിഎഫിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫ് ഇതിനെ തള്ളിപ്പറയുന്നില്ലെന്നും വർഗീയ ധ്രുവീകരണമുണ്ടാക്കി ജയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. - ടിപി രാമകൃഷ്ണൻ ആരോപിച്ചു.
ലീഗിന്റെ രാഷ്ട്രീയനിലപാടിൽ മാറ്റംവരുത്താൻ അവർ തയ്യാറാണോ എന്നും ചോദിച്ച എൽഡിഎഫ് കൺവീനർ, സിപിഎമ്മിന് ലീഗിനോട് കൃത്യമായ നിലപാടുണ്ടെന്നും അതുതുടരുമെന്നും വ്യക്തമാക്കി.











