02:09am 07 November 2026
NEWS
അന്യസംസ്ഥാന പച്ചക്കറികളിലെ വിഷാംശം: മലയാളിയുടെ ആരോഗ്യം ആശങ്കയിൽ!
04/07/2025  09:39 AM IST
സുരേഷ് വണ്ടന്നൂർ
അന്യസംസ്ഥാന പച്ചക്കറികളിലെ വിഷാംശം: മലയാളിയുടെ ആരോഗ്യം ആശങ്കയിൽ!

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലെ ഉയർന്ന അളവിലുള്ള കീടനാശിനി സാന്നിധ്യം കേരളീയരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നതായി പഠനങ്ങൾ. ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വർദ്ധിക്കുന്നതിന് ഇത് പ്രധാന കാരണമാകുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണവസ്തുക്കളിലെ വിഷാംശവുമാണ് കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.

വിപണിയിൽ ഇന്ന് മായം കലരാത്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലെന്ന അവസ്ഥയാണുള്ളത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന പഴം, പച്ചക്കറികളിലാണ് വിഷാംശം കൂടുതൽ കാണപ്പെടുന്നത്. ചെടികളിൽ വിഷം തളയ്ക്കുന്നതിന് പുറമെ, മാരക വിഷമുള്ള കീടനാശിനി വെള്ളത്തിൽ കലക്കി പച്ചക്കറികൾ അതിൽ മുക്കിയെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പതിവായി നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്യാറുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.

പച്ചക്കറികളിൽ വിഷാംശം ക്രമാതീതം:

കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വെള്ളായണി കാർഷിക കോളേജിൽ നടത്തുന്ന പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 'സേഫ് ടു ഈറ്റ്' പദ്ധതിപ്രകാരം അടുത്തിടെ നടത്തിയ പരിശോധനയിൽ, പഴം, പച്ചക്കറി സാമ്പിളുകളിൽ അനുവദനീയമായ അളവിനേക്കാൾ (0.01 പി.പി.എം - പാർട്സ് പെർ മില്യൺ) അധികം കീടനാശിനി കണ്ടെത്തി. പച്ചക്കറിയുടെ 28 സാമ്പിളുകളിലും പഴത്തിന്റെ 15 സാമ്പിളുകളിലും 21.29 ശതമാനം വരെ കീടനാശിനിയുടെ സാന്നിധ്യം രേഖപ്പെടുത്തി.

മോണോക്രോട്ടോഫോസ്, അസഫേറ്റ്, പ്രൊഫെനോഫോസ്, എത്തയോൺ തുടങ്ങിയ മാരക കീടനാശിനികളാണ് സുഗന്ധവ്യഞ്ജനങ്ങൾ, മല്ലിയില, ചീര, പുതിന, കറിവേപ്പില തുടങ്ങിയവയിൽ പ്രധാനമായും കണ്ടെത്തുന്നത്. കിഴങ്ങുവർഗ്ഗങ്ങളിലും വാഴപ്പഴത്തിലും ഇവയുടെ അളവ് കുറവാണ്.
വെണ്ടയ്ക്ക, വഴുതന, കാപ്സിക്കം, ക്യാരറ്റ്, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, പച്ചമുളക്, ഉരുളക്കിഴങ്ങ്, പയർ തുടങ്ങിയ പച്ചക്കറികളിലും, ആപ്പിൾ, സപ്പോട്ട, മുന്തിരി, പേരയ്ക്ക, മൊസമ്പി, ഓറഞ്ച്, മാതളം, സ്ട്രോബറി തുടങ്ങിയ പഴങ്ങളിലും വിഷാംശം കൂടുതലായി കണ്ടുവരുന്നു.

പ്രതിവിധി അടുക്കളത്തോട്ടം:

കേരളത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് കാർഷിക വിദഗ്ദ്ധർ പറയുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരം. ഓരോ കുടുംബവും അവരവരുടെ ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ അടുക്കളത്തോട്ടങ്ങളിലോ മട്ടുപ്പാവിലോ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം. ജൈവകൃഷി രീതികൾ വ്യാപകമാക്കാനും ജൈവകർഷകരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാർ തലത്തിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടാകണം. ജൈവകീടനാശിനികൾ ഫലപ്രദമല്ലെന്ന തെറ്റിദ്ധാരണ തിരുത്തണമെന്നും രാസകീടനാശിനി ലോബിയുടെ തെറ്റായ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

മുൻകരുതലുകൾ എടുക്കാം:

വിപണിയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുന്നത് ഒരു പരിധി വരെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. പുളിവെള്ളത്തിലോ വിനാഗിരിയിലോ ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിലോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം നന്നായി കഴുകുന്നത് ഏറെ ഫലപ്രദമാണ്. കറിവേപ്പില, മല്ലിയില, പുതിന എന്നിവയും ഇതേ രീതിയിൽ വൃത്തിയാക്കാം. ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളവും ഉപയോഗിക്കാവുന്നതാണ്

മല്ലിയില, കറിവേപ്പില തുടങ്ങിയവ വൃത്തിയാക്കിയ ശേഷം ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും. പെരുംജീരകം, ജീരകം, ഉണക്കമുളക് എന്നിവ കഴുകി വെയിലത്ത് ഉണക്കിയെടുക്കണം. പച്ചമുളക്, കാപ്‌സിക്കം, തക്കാളി, ബീൻസ് എന്നിവ വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വെച്ച ശേഷം ഞെട്ട് അടർത്തി മാറ്റി കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഈ ചെറിയ മുൻകരുതലുകൾ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. പുതിയ തലമുറയ്ക്ക് ഈ മാതൃക പകർന്നുനൽകേണ്ടത് മുതിർന്ന അംഗങ്ങളുടെ കടമയാണ്. നാടിന്റെ ഭാവിക്കും ആരോഗ്യത്തിനും ഭക്ഷ്യവസ്തുക്കളിലെ വിഷാംശ പ്രശ്നത്തെ ഗൗരവമായി കാണേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img