
രാജ്യത്തെ സ്ത്രീകളിൽ മുലപ്പാലിലും വിഷാംശമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമാംവിധം മെർക്കുറി സാന്ദ്രതയെന്നാണ് റിപ്പോർട്ട്. ബീഹാറിലെ ഗംഗാ സമതലങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ പ്രദേശങ്ങളിലെ മുലയൂട്ടുന്ന നാലിൽ മൂന്ന് സ്ത്രീകളുടെ മുലപ്പാലിലും അപകടകരമാംവിധം ഉയർന്ന മെർക്കുറി സാന്ദ്രതയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
181 സ്ത്രീകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ 134 പേരുടെ മുലപ്പാലിലെ മെർക്കുറിയുടെ അളവ് ലിറ്ററിന് 1.7 മൈക്രോഗ്രാം എന്ന സുരക്ഷാ പരിധി കവിഞ്ഞതായി ഗവേഷകർ കണ്ടെത്തി. അതായക്, പരിശോധനക്ക് വിധേയരായവരിൽ 74 ശതമാനം അമ്മമാരുടെയും മുലപ്പാൽ വിഷമയമാണ്. 56 സ്ത്രീകളിൽ മെർക്കുറിയുടെ സാന്ദ്രത പരിധിയുടെ 30 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതലായിരുന്നുവെന്നും ഗവേഷകർ പറയുന്നു. അപകടസാധ്യത ലഘൂകരിക്കുന്നതിന് ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങളും മെഡിക്കൽ ഇടപെടലുകളും നടത്തണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്.
‘മുലപ്പാലിലെ മെർക്കുറിയുടെ ഉറവിടം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു’വെന്ന് പഠനത്തിന് നേതൃത്വം നൽകിയ പട്നയിലെ മഹാവീർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ കാൻസർ ബയോളജിസ്റ്റും പരിസ്ഥിതി വിഷശാസ്ത്രജ്ഞനുമായ അരുൺ കുമാർ പറഞ്ഞു. ഇത്രയും ഉയർന്ന സാന്ദ്രതയിൽ എത്തിയതിനാൽ അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
കിഴക്കേ ഇന്ത്യയിൽ നിന്നുള്ള മുലപ്പാലിൽ ഉയർന്ന മെർക്കുറി അളവ് റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്. പരിസ്ഥിതിയിൽ ആർസെനിക്, ലെഡ് എന്നിവയുടെ വ്യാപകമായ എക്സ്പോഷർ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണിതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.











