11:37am 07 June 2026
NEWS
​വിശപ്പും രോഗവുമില്ലാത്ത നാളേക്ക്: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം
07/06/2026  10:25 AM IST
ന്യൂസ് ബ്യൂറോ
​വിശപ്പും രോഗവുമില്ലാത്ത നാളേക്ക്: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം

 


​തിരുവനന്തപുരം: "ഭാരത്തിൽ നിന്ന് പരിഹാരങ്ങളിലേക്ക് - എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം" (From Burden to Solutions – Safe Food Everywhere) എന്ന സന്ദേശവുമായി ലോകം ഇന്ന് (ജൂൺ 7) ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നു. വെറുമൊരു ആഘോഷത്തിനപ്പുറം വിശപ്പിനും ഭക്ഷ്യജന്യ രോഗങ്ങൾക്കുമെതിരെയുള്ള പോരാട്ടമായാണ് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കൃഷി സംഘടനയും സംയുക്തമായി ഈ ദിനം സംഘടിപ്പിക്കുന്നത്.
​ഗുണനിലവാരമുള്ള ഭക്ഷണം ഓരോ പൗരന്റെയും അവകാശമാണെങ്കിലും ആഗോളതലത്തിൽ പ്രതിദിനം 733 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ഇതിനൊപ്പം സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നത് വഴി പ്രതിവർഷം 4.2 ലക്ഷം പേർ മരണപ്പെടുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ലോകാരോഗ്യ സംഘടന പങ്കുവെക്കുന്നു. ബാക്ടീരിയ, വൈറസ്, രാസപദാർത്ഥങ്ങൾ എന്നിവയടങ്ങിയ ഭക്ഷണം ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, സമ്പദ്ഘടനയെയും തൊഴിൽ മേഖലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
​ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. ശിശുക്കളുടെ പോഷകാഹാരക്കുറവിൽ 18.7 ശതമാനത്തോടെ ഇന്ത്യ ലോകത്ത് ഏറെ മുന്നിലാണ്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾക്കും മികച്ച ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് സൂചിക വ്യക്തമാക്കുന്നത്.
​അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികളാണ് കേരളത്തിൽ നടന്നു വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് 69,002 പരിശോധനകൾ നടത്തുകയും പിഴയിനത്തിൽ 5.4 കോടി രൂപ ഈടാക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വരുംദിവസങ്ങളിൽ ഭക്ഷ്യവകുപ്പ് കൂടുതൽ സുസ്ഥിരമായ ജാഗ്രതാ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img