
നോയിഡ: സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ്വേയിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്.
മുപ്പതിലേറെ യാത്രക്കാരുമായി ഡൽഹിയിൽനിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു.
തീ അതിവേഗം ബസിലാകെ പടർന്നതോടെ ചില യാത്രക്കാർ ജനലുകളിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എക്സ്പ്രസ്വേയുടെ വശത്ത് നിർത്തിയ ബസിനെ പൂർണമായും തീ വിഴുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും അഗ്നിശമനസേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു.










