
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ’ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും എപ്പോൾ വേണമെങ്കിലും എത്താൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
അറസ്റ്റിന് തൊട്ടുമുമ്പ് വരെയും പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ ആരോപണം. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പമാണ് കസ്റ്റഡി അപേക്ഷ നൽകാതിരുന്നതിന് പിന്നിലെന്നും ഗോവിന്ദൻ ആരോപിച്ചു.
‘സ്വന്തക്കാരെ തൊട്ടാൽ ഏത് തൂഫാനും കെട്ടടങ്ങും’ എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ പരാമർശം. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തിയതും പുകമറ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്നും പാർട്ടി നേതാക്കളെ സംശയത്തിന്റെ മുനയിൽ നിർത്താനുള്ള നീക്കമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഓണക്കാലത്തെ വിലക്കയറ്റത്തിലും സർക്കാരിനെതിരെ വിമർശനം
ഓണക്കാലത്ത് സംസ്ഥാനത്ത് വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നതെന്നും സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വിലക്കയറ്റം കാരണം കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റുകയാണ്. നേരത്തെ എൽഡിഎഫ് സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെന്നും ഇപ്പോൾ വില നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
വികസന പദ്ധതികളോട് സിപിഎം മുഖം തിരിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനിയുമായുള്ള കരാർ ലംഘിക്കപ്പെട്ടുവെന്നും ഓഹരി വിൽപന നീക്കത്തിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിഴിഞ്ഞം വിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ‘പച്ചക്കള്ളം’ ആണെന്നും ഗോവിന്ദൻ പറഞ്ഞു. അതൃപ്തി അറിയിച്ച് കത്ത് നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘സംസ്ഥാനത്ത് മാധ്യമ സെൻസറിംഗ്’
സംസ്ഥാനത്ത് മാധ്യമ സെൻസറിംഗ് നടക്കുകയാണെന്നും ഇത് അടിയന്തരാവസ്ഥക്കാലത്തെ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്നതാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. സംഭവങ്ങളെ സാങ്കേതിക പിഴവായി വിശേഷിപ്പിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










