
നാളെ മെട്രോയിൽ യാത്ര ചെയ്താൽ രണ്ടുണ്ട് മെച്ചം. സുഖയാത്രയിലൂടെ ലക്ഷ്യസ്ഥാനത്തെത്താം. ഒപ്പം
രാജ്യത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ വരയ്ക്കും വർത്തമാനങ്ങൾക്കുമൊപ്പം കൂടാം. നിങ്ങളുടെ കാരിക്കേച്ചറുകൾ കാർട്ടൂണിസ്റ്റുകളുടെ കയ്യപ്പോടെ സ്വന്തമാക്കാം. കേരള മെട്രോ ഡേ ആഘോഷത്തിന്റെ ഭാഗമായി പ്രിയപ്പെട്ട യാത്രക്കാർക്കായി കൊച്ചി മെട്രോ ഒരുക്കുന്ന വ്യത്യസ്ത 'വരവേൽപ്പ്' ആണിത്
പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവരാണ് മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്നത്. യാത്രക്കാർക്ക് മുന്നിൽവെച്ച് അവരുടെ കാരിക്കേച്ചറുകൾ വരച്ചുനൽകുകയും മെട്രോ യാത്രയിലെ കൗതുകകരമായ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.
ഒരു സാധാരണ യാത്രയെ കലയും നർമ്മവും നിറഞ്ഞ അനുഭവമാക്കി മാറ്റുകയാണ് ഈ അപൂർവ കൂട്ടായ്മയുടെ ലക്ഷ്യം. യാത്രക്കാർ സംസാരിക്കുമ്പോൾ കാർട്ടൂണിസ്റ്റുകളുടെ ബ്രഷ് ചലിക്കും; ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന ചിത്രങ്ങൾ മെട്രോ ബോഗികളിൽ ജനിക്കും.
ഓരോ യാത്രക്കാരന്റെയും തത്സമയ കാരിക്കേച്ചറുകൾ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ കയ്യൊപ്പോടെ സമ്മാനമായി ലഭിക്കും.
യാത്രയ്ക്കിടെ പിറക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും.
യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലോകത്തേക്കെത്തുകയും ചെയ്യും.
യാത്രക്കാരുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ജനകീയവും ആസ്വാദ്യകരവുമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 8 മണിമുതിൽ 11 വരെ വാട്ടർ മട്രോയിലും 11.30 മതുൽ ഉച്ചയ്ക്ക് രണ്ട് വരെ മെട്രോ ട്രയിനിലുമാണ് കാർട്ടൂണിസ്റ്റുകളുടെ യാത്ര.
Photo Courtesy - Google







