09:53am 18 September 2026
NEWS
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരി ജയിലിലേക്ക്; നാലു വർഷം തടവും 30 ലക്ഷം രൂപ പിഴയും
17/09/2026  02:56 PM IST
nila
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരി ജയിലിലേക്ക്; നാലു വർഷം തടവും 30 ലക്ഷം രൂപ പിഴയും

കോട്ടയം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,84,892 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നടപടി. കേസിൽ 96 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.

തച്ചങ്കരി ഗുരുതരമായ കുറ്റമാണ് നടത്തിയതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. കോടതി വിധിക്കെതിരെ 30 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്. തച്ചങ്കരിയെ ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നും വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് അറിയിച്ചു.

തച്ചങ്കരിയുടെ പ്രഖ്യാപിത വരുമാനത്തേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത് കണ്ടെത്തിയെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. വെളിപ്പെടുത്തിയ വരുമാന മാർഗങ്ങളേക്കാൾ 135 ശതമാനം അധികമായിരുന്നു ഈ സ്വത്തെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. അധിക സ്വത്തിന് തൃപ്തികരമായ വിശദീകരണമോ മതിയായ തെളിവുകളോ നൽകാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

തച്ചങ്കരിക്ക് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലൻസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

2013ലാണ് തൃശൂർ വിജിലൻസ് കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം വിജിലൻസ് കോടതിയിലേക്കും മാറ്റി. കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുമ്പാകെ വിചാരണ പൂർത്തിയായത്.

മാതാപിതാക്കൾ വഴി ലഭിച്ച കുടുംബസ്വത്താണ് കേസിൽ ഉൾപ്പെടുത്തിയതെന്നും അതിനാൽ സ്വത്ത് കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിജിലൻസ് കോടതി തള്ളി.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്താണ് ഹാജരായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img