
അഹമ്മദാബാദിൽ ഇന്നലെ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 294 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചെന്നും ഇതിനുപുറമേ 53 പ്രദേശവാസികളും കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോർട്ട്.
അതേസമയം ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 241 പേരുടെ മൃതദേഹങ്ങളും പ്രദേശവാസികളായ 24 പേരുടെ മൃതദേഹങ്ങളുമാണ് ആശുപത്രിയിലെത്തിച്ചത്. ഇവരിൽ അഞ്ചുപേർ മെഡിക്കൽ വിദ്യാർത്ഥികളാണ്.
അതേസമയം, തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്.











