08:33pm 08 September 2026
NEWS
ഫാസ്റ്റ് ടാഗ് സ്കാനാകുന്നില്ലേ? ടോൾ പ്ലാസയിൽ കോടികളുടെ തട്ടിപ്പ്
07/09/2026  06:34 PM IST
nila
ഫാസ്റ്റ് ടാഗ് സ്കാനാകുന്നില്ലേ? ടോൾ പ്ലാസയിൽ കോടികളുടെ തട്ടിപ്പ്

ന്യൂഡൽഹി: ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്യാത്ത സാഹചര്യത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടാലും നേരിട്ട് പണം നൽകരുതെന്ന് മുന്നറിയിപ്പുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത്തരത്തിൽ നൽകുന്ന പണം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) അക്കൗണ്ടിലേക്ക് എത്തണമെന്നില്ലെന്നും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.

ഫാസ്റ്റ് ടാഗ് പ്രവർത്തിക്കാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കാൻ ചില ടോൾ ഓപ്പറേറ്റർമാർ അനധികൃത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ‘മൊബ്ഡാറ്റ’, ‘എനി’ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് പണം സ്വീകരിക്കുകയും വാഹന ഉടമകൾക്ക് വ്യാജ രസീതുകൾ നൽകുകയും ചെയ്യുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

എൻഎച്ച്എഐയുടെ അക്കൗണ്ടുകളിൽ പണം എത്തുന്നില്ല

ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് റീഡിങ് പരാജയപ്പെടുമ്പോൾ സ്വകാര്യ സ്കാനറുകൾ ഉപയോഗിച്ച് പണം സ്വീകരിക്കുന്ന രീതിയാണ് ചിലയിടങ്ങളിൽ നടക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക എൻഎച്ച്എഐയുടെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താതെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഫാസ്റ്റ് ടാഗിലേക്ക് പൂർണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ഡ്രൈവർമാരാണ് പ്രധാനമായും ഈ തട്ടിപ്പിന്റെ ഇരകളാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

നിരവധി ടോൾ പ്ലാസകൾ നിരീക്ഷണത്തിൽ

തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 2ന് പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.

മിർസാപൂരിലെ ആട്രൈല ടോൾ പ്ലാസ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ അനധികൃത പണപ്പിരിവാണ് പ്രധാനമായും അന്വേഷണവിധേയമാക്കിയത്. ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ ടോൾ പ്ലാസയിലെത്തുന്ന വാഹനങ്ങളിൽ നിന്ന് അനധികൃത ആപ്പുകൾ ഉപയോഗിച്ച് പണം ഈടാക്കിയിരുന്നതായി ഉത്തർപ്രദേശ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിലാണ് രാജ്യത്തെ ഏകദേശം 100 ടോൾ പ്ലാസകളിൽ ഇത്തരം അനധികൃത ആപ്പുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

കോടികളുടെ വ്യാജ ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ

അനധികൃതമായി നൽകിയ കോടിക്കണക്കിന് രൂപയുടെ രസീതുകളുടെ ഡിജിറ്റൽ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടനിലക്കാരും എൻഎച്ച്എഐയുടെ ചുമതലയിലുള്ള ടോൾ ഓപ്പറേറ്റർമാരും നിലവിൽ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

ഇതുവരെ നടത്തിയ പരിശോധനകളിൽ ഏകദേശം 1.03 കോടി രൂപ പണമായി പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img