09:20pm 21 September 2026
NEWS
പ്രായപൂർത്തിയാകാത്ത 3 കുട്ടികൾക്ക് കള്ള് നൽകി! 16കാരി ബസിൽ ഛർദിച്ച് കുഴഞ്ഞുവീണു; ഷാപ്പിനെതിരെ കേസ്
21/09/2026  08:30 PM IST
nila
പ്രായപൂർത്തിയാകാത്ത 3 കുട്ടികൾക്ക് കള്ള് നൽകി! 16കാരി ബസിൽ ഛർദിച്ച് കുഴഞ്ഞുവീണു; ഷാപ്പിനെതിരെ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ കള്ളുഷാപ്പിലെത്തി കള്ള് കുടിച്ചതായി പരാതി. ഇതിന് പിന്നാലെ 16 വയസ്സുള്ള പെൺകുട്ടി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഛർദിക്കുകയും പിന്നീട് റോഡിൽ കുഴഞ്ഞുവീഴുകയും ചെയ്തു. സംഭവത്തിൽ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ വടക്കൻ പറവൂർ പൊലീസ് കേസെടുത്തു.

പറവൂർ–ചെറായി റോഡിലെ ചേരായിപാടത്തിന് സമീപത്തെ ഷാപ്പിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ഇവിടെ എത്തിയെന്നാണ് പൊലീസ് പറയുന്നത്. കള്ള് കഴിച്ച ശേഷം ഇവർ ബസിൽ യാത്ര ചെയ്യുകയായിരുന്നു.

യാത്രയ്ക്കിടെ ഒരു പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് റോഡരികിൽ കുഴഞ്ഞുവീണു. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കൾക്കും വിവരം കൈമാറി.

വൈദ്യപരിശോധനയിൽ അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരത്തെ അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചികിത്സയ്ക്ക് ശേഷം മൂന്ന് കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img