
കൊച്ചി: കേരള കാർഷിക സർവകലാശാലയിൽ ടോഡി ടെക്‌നീഷ്യൻ കോഴ്‌സ് ആരംഭിക്കുന്നു. അതായത്, കള്ളു ചെത്താൻ ഇനി കേരളത്തിലെ കാർഷിക സർവകലാശാലയിൽ പഠിക്കാം. കേരള ടോഡിബോർഡും സർവകലാശാലയും ചേർന്നാണ് ഒരു മാസത്തെ പരിശീലന കോഴ്‌സ് രൂപകൽപ്പന ചെയ്തത്. പദ്ധതിക്ക് എക്‌സൈസ് വകുപ്പിന്റെ അംഗീകാരം കഴിഞ്ഞയാഴ്ച ലഭിച്ചു. കള്ള് വ്യവസായം നേരിടുന്ന ചെത്തുകാരുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കാർഷിക സർവകലാശാലയിൽ കള്ളു ചെത്തിന് പരിശീലനം നൽകുന്നത്.
മൂന്ന് മാസത്തിനകം കോഴ്‌സ് ആരംഭിക്കുമെന്ന് ടോഡിബോർഡ് അറിയിച്ചു. കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാമ്പസിലാകും പരിശീലനം. കാമ്പസിലെ തെങ്ങുകളിലാണ് പ്രായോഗിക പരിശീലനം നടത്തുക. തിയറി ക്ലാസുകൾ സർവകലാശാലയിലെ അധ്യാപകർ കൈകാര്യം ചെയ്യുമ്പോൾ, പ്രായോഗിക പരിശീലനത്തിനായി പരിചയസമ്പന്നരായ പരമ്പരാഗത ചെത്തുകാർക്ക് ചുമതല നൽകും.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടോഡിബോർഡിന്റെ ടോഡി ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റ് നൽകും. 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഓരോ ബാച്ചിലും 30 പേർക്കാണ് പ്രവേശനം. അപേക്ഷാ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ആവശ്യകതയുണ്ടെങ്കിൽ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരിശീലനം പൂർണമായും സൗജന്യമായിരിക്കും. പഠിതാക്കളുടെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചെലവുകൾ ടോഡിബോർഡ് വഹിക്കും. കൂടാതെ, ഓരോ വിദ്യാർത്ഥിക്കും ഒരുമാസത്തേക്ക് 10,000 രൂപ സ്റ്റൈപ്പൻഡും അനുവദിക്കും.പരമ്പരാഗത ചെത്തുകാർ കുറഞ്ഞുവരുന്നത് കള്ള് വ്യവസായത്തിന് വലിയ വെല്ലുവിളിയാണെന്നും, ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശീലന കോഴ്‌സ് ആരംഭിക്കുന്നതെന്നും കേരള കള്ളുവ്യവസായ വികസന ബോർഡ് ചെയർമാൻ യു.പി. ജോസഫ് വ്യക്തമാക്കി.











