
മലപ്പുറം: മുട്ടിലിഴഞ്ഞ് വീട്ടിൽനിന്ന് പുറത്തേക്കെത്തിയ കുഞ്ഞ് തിരക്കേറിയ റോഡിന്റെ നടുവിലെത്തിയപ്പോൾ രക്ഷകരായത് പ്രൈവറ്റ് ബസ് ജീവനക്കാർ. ഇന്നു രാവിലെ എട്ടരയോടെ കൊണ്ടോട്ടി–പുളിക്കൽ റോഡിലെ വലിയപറമ്പ് പ്രദേശത്തായിരുന്നു സംഭവം. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്റെ ഡ്രൈവർ നടുറോഡിൽ കുഞ്ഞിനെ കണ്ടതോടെ ഉടൻ വാഹനം നിർത്തി. തുടർന്ന് കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങി കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റി.
റോഡരികിലെ വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് പുറത്തേക്കെത്തിയത്. സംഭവസമയത്ത് കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലെത്തിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ബസിലെ കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് വീട്ടിലെത്തിച്ച ശേഷമാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.









