06:50pm 29 September 2026
NEWS
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
29/09/2026  12:03 PM IST
nila
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മൈസൂരു: സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയ ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. സ്കൂൾ ബസ് മുന്നോട്ടെടുത്തപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞിനെ ഇടിക്കുകയും ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് മരിച്ചത്. നാലു വയസ്സുള്ള സഹോദരനെ സ്കൂൾ ബസിൽനിന്ന് ഇറക്കുന്നതിനായി അമ്മ എത്തിയപ്പോഴാണ് അപകടമുണ്ടായത്. അമ്മ മകനെ ബസിൽനിന്ന് ഇറക്കുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ലതിക്‌ഷയെ ബസ് ഇടിച്ചു.

തുടർന്ന് ബസിന്റെ ടയർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ലതിക്‌ഷ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ സിദ്ധരാജു (42)വിനെതിരെ കുടുംബം പരാതി നൽകി. ഡ്രൈവറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img