09:24am 11 November 2026
NEWS
കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭയുടെ അംഗീകാരം
13/09/2025  03:12 PM IST
nila
കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭയുടെ അംഗീകാരം

2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി മന്ത്രിസഭായോഗം. പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനഃപ്പൂർവമായി വീഴ്ച വരുത്താത്ത ) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോഴാണ് പ്രസ്തുത നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരാണ് ഇതിന്റെ പരിധിയിൽ വരിക. ആകെ വായ്പാതുക അഞ്ചുലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകളിൽ കർശന ഉപാധികളോടെയാകും നിയമപരിരക്ഷ ലഭിക്കുക.

2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിന്റെ കരടിനും അംഗീകാരം നൽകി.സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിന്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി,2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ എന്നിവയും അംഗീകരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബിൽ,കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബിൽ,2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ കരടും അംഗീകരിച്ചു.

ക്രമവൽക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിർണയിക്കപ്പെട്ട പ്രകാരം പരിധി ഏർപ്പെടുത്തും.കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. 1960 ലെ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ളതാണ് കരടു ബിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img