
ദോഹ: ലോക വിനോദസഞ്ചാര ദിനത്തിൽ (സെപ്റ്റംബർ 27) ആഗോള ടൂറിസം ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ച് ഖത്തർ. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കിയ വൻ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് രാജ്യത്തേക്ക് അന്താരാഷ്ട്ര സന്ദർശകരുടെ കുത്തൊഴുക്കിന് വഴിയൊരുക്കിയത്.
സൂഖ് വാഖിഫ്, കതാറ കൾച്ചറൽ വില്ലേജ്, പേൾ ഖത്തർ, ലുസൈൽ ബോളിവാർഡ് തുടങ്ങിയ പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന കേന്ദ്രങ്ങൾക്കൊപ്പം, മരുഭൂമിയിലെ ഡെസേർട്ട് സഫാരിയും ഖത്തറിലെ ലോകോത്തര മ്യൂസിയങ്ങളും അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.ഹയ്യാ പ്ലാറ്റ്ഫോം (Hayya Platform) വഴിയുള്ള ലളിതമായ വിസ നടപടികളും, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ടുകളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളും ഖത്തറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിച്ചു.
ഖത്തറിലെ കാഴ്ചകളിലൂടെയുള്ള യാത്ര ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് സൂഖ് വാഖിഫ്. പാരമ്പര്യ അറബ് പൈതൃകവും സംസ്കാരവും സമന്വയിക്കുന്ന ഈ പുരാതന വിപണിയിലൂടെയുള്ള നടത്തം പഴയകാല ദോഹയിലേക്കുള്ള മടക്കയാത്രയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെയും അത്തറുകളുടെയും സുഗന്ധം നിറഞ്ഞ വഴികളും, പരമ്പരാഗത വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന കൊച്ചു കടകളും സൂഖ്വാഖിഫിന്റെ പ്രത്യേകതയാണ്. ഒപ്പം ഗൾഫ് മേഖലയുടെ അഭിമാനമായ പരുന്തുകളെ സംരക്ഷിക്കുന്ന ഫാൽക്കൺ സൂഖും ഖത്തരി വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്റുകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
കലയും വാസ്തുവിദ്യയും ഒന്നിക്കുന്ന കതാറ കൾച്ചറൽ വില്ലേജ് സാംസ്കാരിക പ്രേമികളുടെ കേന്ദ്രമാണ്. പരമ്പരാഗത ഇസ്ലാമിക് വാസ്തുവിദ്യയിൽ തീർത്ത കതാറ പള്ളിയും പശ്ചാത്തലത്തിൽ പേർഷ്യൻ ഉൾക്കടലും ഒരുക്കുന്ന കാഴ്ച മനോഹരമാണ്. പ്രകൃതിദത്ത ആംഫിതിയേറ്റർ, നക്ഷത്രനിരീക്ഷണത്തിനായുള്ള അത്യാധുനിക പ്ലാനറ്റേറിയം, അന്താരാഷ്ട്ര നിലവാരമുള്ള ആർട്ട് ഗാലറികൾ, ശാന്തമായ ബീച്ച് എന്നിവ കതാറയെ സമ്പന്നമാക്കുന്നു.
സമുദ്രത്തിന് നടുവിൽ മനുഷ്യനിർമ്മിതമായി ഉയർന്നുവന്ന അത്ഭുതമാണ് ദി പേൾ ഖത്തർ. ഇറ്റാലിയൻ ശൈലിയിലുള്ള 'ക്വാർട്ടിയർ കനാൽ' വെനീസിലൂടെ ബോട്ട് യാത്ര ചെയ്യുന്ന അനുഭവം നൽകുന്നു. ആഡംബര യോട്ടുകൾ നിരന്നിട്ട മറീനകളും ലോകോത്തര ഷോപ്പിംഗ് ബ്രാൻഡുകളും പ്രീമിയം കഫേകളും ചേർന്ന് പേൾ ഖത്തറിനെ സമ്പന്നമായ ഒരു യാത്രാനുഭവമാക്കുന്നു.
ദോഹ കോർണിഷിൽ കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ഐക്കോണിക് കെട്ടിടമാണ് ഇസ്ലാമിക് ആർട്ട് മ്യൂസിയം (MIA). വിഖ്യാത ആർക്കിടെക്റ്റ് ഐ.എം. പെയ് രൂപകൽപ്പന ചെയ്ത ഈ നിർമ്മിതിക്കുള്ളിൽ മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 1,400-ലേറെ വർഷത്തെ അപൂർവ്വ ഇസ്ലാമിക് കലാശേഖരങ്ങളും കയ്യെഴുത്തുപ്രതികളും സംരക്ഷിച്ചിരിക്കുന്നു.
പ്രകൃതിയിലെ 'ഡെസേർട്ട് റോസ്' സ്ഫടിക രൂപത്തിൽ ഫ്രഞ്ച് ആർക്കിടെക്റ്റ് ഷാങ് നൂവൽ തീർത്ത ഖത്തർ നാഷണൽ മ്യൂസിയം കാണികളെ അമ്പരപ്പിക്കുന്ന വാസ്തുവിദ്യയാണ്. ഖത്തറിന്റെ ഉത്ഭവം, പാരമ്പര്യം, എണ്ണശേഖരത്തിന്റെ കണ്ടെത്തൽ, തുടർന്നുണ്ടായ ആധുനിക മുന്നേറ്റം എന്നിവയെല്ലാം അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു
ഖത്തറിന്റെ ഭാവിയുടെ മുഖമായ ലുസൈൽ ബോളിവാർഡ് നഗരത്തിന്റെ ആധുനികതയുടെ പ്രതീകമാണ്. വിശാലമായ റോഡുകൾ, വലിയ ത്രിഡി ഡിസ്പ്ലേ ബോർഡുകൾ, വഴിയോരങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പബ്ലിക് ആർട്ട് ഇൻസ്റ്റലേഷനുകൾ, ട്രെൻഡി കഫേകൾ എന്നിവയാൽ സമ്പന്നമാണ് ഈ പ്രദേശം. ആഘോഷവേളകളിലെ പരേഡുകൾക്കും ഇവിടം വേദിയാകുന്നു.
പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഖോർ അൽ ഉദൈദിലെ ഇൻലാൻഡ് സീ സന്ദർശിക്കാം. മരുഭൂമിയുടെ സ്വർണ്ണമണൽക്കുന്നുകൾ ആഴക്കടലുമായി നേരിട്ട് സംഗമിക്കുന്ന ലോകത്തിലെ അപൂർവ്വം ചില സ്ഥലങ്ങളിലൊന്നാണിത്. യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഇവിടെ മണൽക്കുന്നുകളിലൂടെയുള്ള ഡ്രൈവിംഗും (Dune Bashing) ഡെസേർട്ട് സഫാരിയും ക്യാമ്പിംഗും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
വരും വർഷങ്ങളിൽ വിനോദസഞ്ചാര മേഖലയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പുതിയ ഉയരങ്ങളിലെത്തിക്കാനാണ് ഖത്തർ ടൂറിസം ലക്ഷ്യമിടുന്നത്.










