04:04pm 02 November 2026
NEWS
ഇന്ന് തുലാമാസത്തിലെ ആയില്യം; നാഗപ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങളും വ്രതവിധികളും അറിയാം
02/11/2026  10:25 AM IST
nila
ഇന്ന് തുലാമാസത്തിലെ ആയില്യം; നാഗപ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങളും വ്രതവിധികളും അറിയാം

നാഗദേവതകളുടെ അനുഗ്രഹം തേടി വിശ്വാസികൾ പ്രത്യേക പൂജകളും വ്രതാനുഷ്ഠാനങ്ങളും നടത്തുന്ന തുലാമാസത്തിലെ ആയില്യം ഇന്ന്. 2026 നവംബർ 2 തിങ്കളാഴ്ചയാണ് ഈ ദിനം. കേരളത്തിലെ പ്രസിദ്ധ നാഗാരാധനാ കേന്ദ്രമായ മണ്ണാറശാലയുമായി ബന്ധപ്പെട്ടതിനാൽ തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്ന പേരിലും അറിയപ്പെടുന്നു.

ആയില്യം നാളിൽ നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിനായി വ്രതമെടുക്കുന്നതും നൂറും പാലും സമർപ്പിക്കുന്നതും പ്രധാന വഴിപാടുകളാണ്. സർപ്പപ്രീതിയിലൂടെ കുടുംബത്തിലെ ദുരിതങ്ങൾ അകലുമെന്നും ഐശ്വര്യവും സമാധാനവും സന്താനങ്ങൾക്ക് ശ്രേയസ്സും കൈവരുമെന്നുമാണ് വിശ്വാസം. മാസത്തിലൊരിക്കൽ വരുന്ന ആയില്യം നാളിൽ നാഗദേവതകൾക്ക് പൂജകൾ സമർപ്പിക്കുന്നതും വിശേഷമായി കരുതപ്പെടുന്നു.

ആയില്യം വ്രതം എങ്ങനെ അനുഷ്ഠിക്കാം?

ആയില്യം ദിനത്തിൽ പൂർണ ഉപവാസമായോ ഒരിക്കലായോ വ്രതം അനുഷ്ഠിക്കാം. നാഗദേവതകളെ മനസ്സിൽ ധ്യാനിച്ച് മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരമാണ്. ഗായത്രി മന്ത്രജപത്തിനു ശേഷം നാഗരാജ ഗായത്രി ജപിക്കുന്നത് വിശേഷമായി കണക്കാക്കുന്നു.

നാഗദേവതകളെ സ്മരിച്ചുകൊണ്ട് 'ഓം നാഗരാജായ നമഃ, ഓം നാഗദേവിയേ നമഃ' എന്ന മൂലമന്ത്രം രാവിലെയും വൈകുന്നേരത്തെ പ്രദോഷസമയത്തും 108 തവണ ജപിക്കാം.

നാഗരാജ ഗായത്രി മന്ത്രം

സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

സർപ്പദോഷ പരിഹാരത്തിന് നവനാഗ സ്തോത്രം

നാഗദേവതകളുടെ പ്രീതിക്കായി ജപിക്കുന്ന പ്രധാന സ്തോത്രമാണ് നവനാഗ സ്തോത്രം. ആയില്യം നാളിൽ ഈ സ്തോത്രം കഴിയുന്നത്ര തവണ ജപിക്കുന്നത് സർപ്പദോഷ പരിഹാരത്തിനും നാഗാനുഗ്രഹത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.

അനന്തം വാസുകിം ശേശം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ

12 തവണ അഷ്ടനാഗ മന്ത്രം ജപിക്കാം

എട്ട് നാഗദേവതകളെ സ്മരിച്ചുകൊണ്ടുള്ള അഷ്ടനാഗ മന്ത്രവും ആയില്യം ദിനത്തിൽ ജപിക്കാവുന്നതാണ്. 12 തവണ ഈ മന്ത്രം ജപിക്കുന്നത് ആചാരപരമായി വിശേഷമായി കണക്കാക്കുന്നു.

ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

വ്രതാനുഷ്ഠാനം, നാഗപൂജ, നൂറും പാലും സമർപ്പിക്കൽ, മന്ത്രജപം എന്നിവയിലൂടെ നാഗദേവതകളുടെ അനുഗ്രഹം തേടുന്ന ദിനമാണ് ആയില്യം. കുടുംബത്തിന്റെ ക്ഷേമത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും മനഃശാന്തിക്കും വേണ്ടിയാണ് ഭക്തർ പ്രധാനമായും ഈ ദിനത്തിലെ ആരാധനകൾ നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img