08:32am 01 May 2026
NEWS
ഇന്ന് മെയ് ദിനം: തൊഴിലാളികളുടെ വിയർപ്പിൽ നിന്ന് ജനിച്ച അവകാശങ്ങളുടെ ചരിത്രം
01/05/2026  06:14 AM IST
nila
ഇന്ന് മെയ് ദിനം: തൊഴിലാളികളുടെ വിയർപ്പിൽ നിന്ന് ജനിച്ച അവകാശങ്ങളുടെ ചരിത്രം

ഇന്ന് മെയ് ദിനം. അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് മെയ് ഒന്ന് ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ഐക്യത്തിന്റെയും അവകാശ സമരങ്ങളുടെയും പ്രതീകമായാണ് ഓരോ വർഷവും മെയ് 1 തൊഴിലാളി ദിനമായി ആചരിക്കുന്നത്. “എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപരമായ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് മെയ് ദിനം.

ഒരു കാലത്ത് തൊഴിലാളികളെ 14 മുതൽ 15 മണിക്കൂർ വരെ നിർബന്ധിതമായി ജോലി ചെയ്യിച്ചിരുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശത്തിനും മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി വലിയ സമരങ്ങൾ ഉയർന്നത്. അനവധി പ്രതിഷേധങ്ങളും ത്യാഗങ്ങളും രക്തസാക്ഷിത്വങ്ങളും വഴിയാണ് ഇന്ന് സാധാരണമായി കാണുന്ന എട്ടുമണിക്കൂർ ജോലി സമയം തൊഴിലാളികൾ സ്വന്തമാക്കിയത്.

ഹെയ്മാർക്കറ്റ് സമരവും മെയ് ദിനത്തിന്റെ ഉദ്ഭവവും

മെയ് ദിനത്തിന്റെ ചരിത്രം അമേരിക്കയിലെ ചിക്കാഗോ നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 1884-ൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്സ് ആൻഡ് ലേബർ യൂണിയൻസ് തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലി സമയം വേണമെന്ന് ആവശ്യപ്പെട്ടു. 1886 മെയ് 1 മുതൽ ഈ ആവശ്യം നടപ്പാക്കണമെന്ന് യൂണിയനുകൾ പ്രഖ്യാപിച്ചെങ്കിലും തൊഴിലുടമകൾ അത് അംഗീകരിച്ചില്ല.

തുടർന്ന് അമേരിക്കയിലുടനീളം വലിയ പണിമുടക്കുകളും പ്രതിഷേധങ്ങളും അരങ്ങേറി. അതിന്റെ ഭാഗമായി 1886 മെയ് 4-ന് ചിക്കാഗോയിലെ ഹെയ്മാർക്കറ്റ് സ്‌ക്വയറിൽ നടന്ന തൊഴിലാളി റാലിക്കിടെ സംഘർഷമുണ്ടായി. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബോംബ് സ്ഫോടനവും വെടിവെപ്പും നടന്നു. നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊഴിലാളി ചരിത്രത്തിലെ നിർണായക വഴിത്തിരിവായാണ് പിന്നീട് ഈ സംഭവം വിലയിരുത്തപ്പെട്ടത്.

ലോക തൊഴിലാളി ദിനമായി മെയ് 1

1889 ജൂലൈ 14-ന് ഫ്രാൻസിലെ പാരിസിൽ ചേർന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഗ്രസിലാണ് എല്ലാ വർഷവും മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. തുടർന്ന് 1890-ൽ ആദ്യ ഔദ്യോഗിക മെയ് ദിനാഘോഷം നടന്നു. ലോക തൊഴിലാളികളുടെ ഐക്യവും അവകാശ സംരക്ഷണവും പ്രഖ്യാപിക്കുന്ന ദിനമായി മെയ് ദിനം മാറി.

ഇന്ത്യയിലെ ആദ്യ മെയ് ദിനാഘോഷം

ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആഘോഷിച്ചത് 1923-ൽ മദ്രാസിലായിരുന്നു. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ഈ ദിനാചരണം സംഘടിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉയർന്നതും അന്നേ ദിവസമാണ്. പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പ്രധാന പ്രതീകമായി മെയ് ദിനം മാറി.

മെയ് ദിനം ഒരു അവധിദിനമോ ആഘോഷമോ മാത്രമല്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ ഇന്നും തുടരുന്നുവെന്ന ഓർമ്മപ്പെടുത്തലുമാണ്. ന്യായമായ വേതനം, സുരക്ഷിത ജോലി സാഹചര്യം, തൊഴിലവകാശങ്ങൾ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഇന്നും ശബ്ദമുയർത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img