
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി. തനിക്കോ തൃണമൂൽ കോൺഗ്രസിനോ ശബ്ദമുയർത്തുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, അതിന് തന്നെ നിശ്ശബ്ദയാക്കണമെങ്കിൽ ആദ്യം കൊല്ലേണ്ടിവരുമെന്നും മമത ബാനർജി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
"എന്നെ നിശ്ശബ്ദയാക്കാൻ നിങ്ങൾക്ക് എന്നെ കൊല്ലേണ്ടിവരും. അതിനും മുമ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാണ് ബാനർജി എന്നിവരെയടക്കം നിരവധി നേതാക്കളെ ആക്രമിച്ചു. എന്റെ വീടുപോലും ആക്രമണത്തിന് ഇരയായി," മമത ആരോപിച്ചു.
തൃണമൂൽ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് മനുഷ്യാവകാശ ലംഘനത്തിന് തുല്യമായ നടപടികളാണ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു. ചിലരെ നിലത്ത് കിടത്തുകയും കയറിൽ കെട്ടി വലിച്ചിഴക്കുകയും തല മുണ്ഡനം ചെയ്യുകയും ദുർഗന്ധമുള്ള വസ്തുക്കൾ എറിയുകയും ചെയ്തുവെന്നാണ് മമതയുടെ ആരോപണം. "ഇത്തരം കാര്യങ്ങൾ പറയാൻ പോലും ലജ്ജ തോന്നുന്നു. ഇത് ബംഗാളിന്റെ സംസ്കാരമല്ല. ഞങ്ങൾ 15 വർഷം അധികാരത്തിലിരുന്നിട്ടും പൊലീസിനെ ഉപയോഗിച്ച് ഇത്തരം നടപടികൾ സ്വീകരിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ല," അവർ കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാർ സ്കൂളുകളിലെ മിഡ്-ഡേ മീൽ പദ്ധതിയിൽ മുട്ടയ്ക്ക് പകരം പച്ചക്കറി ഉൾപ്പെടുത്താനുള്ള ബിജെപി ഭരണകൂടത്തിന്റെ തീരുമാനത്തെയും മമത ബാനർജി രൂക്ഷമായി വിമർശിച്ചു.










