09:57pm 14 June 2024
NEWS
ബി.ജെ.പിയുടെ വർഗ്ഗീയതയെ ചെറുക്കാൻ
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനേ കഴിയൂ -ഡോ. സന്ദീപ് പാണ്ഡെ (മാഗ്‌സസെ അവാർഡ് ജേതാവ്)

01/03/2023  05:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബി.ജെ.പിയുടെ വർഗ്ഗീയതയെ ചെറുക്കാൻ  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനേ കഴിയൂ -ഡോ. സന്ദീപ് പാണ്ഡെ  (മാഗ്‌സസെ അവാർഡ് ജേതാവ്)
HIGHLIGHTS

ഇന്ത്യയിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റും അക്കാദമിക് പണ്ഡിതനുമാണ് ഡോ. സന്ദീപ് പാണ്ഡെ. ഐ.ഐ.ടി ഉൾപ്പെടെ ഒട്ടേറെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നുണ്ട്. മാഗ്‌സസെ അവാർഡ് ജേതാവുമാണ്. അധികാരത്തെക്കാളുപരി ആദർശമാണ് രാഷ്ട്രീയത്തിൽ അനിവാര്യമായിട്ടുള്ളതെന്ന് വിശ്വസിക്കുന്ന ഡോ. സന്ദീപ് പാണ്ഡെ ഒരിക്കലും തന്റെ ആദർശങ്ങൾ ഒന്നിനുവേണ്ടിയും അടിയറവയ്ക്കാൻ തയ്യാറായിട്ടുമില്ല.

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനവും. ക്വിറ്റ് ഇന്ത്യാ സമരത്തിൽ  സോഷ്യലിസ്റ്റുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. എന്നാൽ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ കോൺഗ്രസിൽനിന്നും പുറന്തള്ളാനുള്ള ശ്രമമുണ്ടായി. അതിനുവേണ്ടി പാർട്ടിയുടെ ഭരണഘടനപോലും ഭേദഗതി ചെയ്യാൻ കോൺഗ്രസ് തയ്യാറായി. ആ സമയത്ത് സോഷ്യലിസ്റ്റുകൾ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയും, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേര് സ്വീകരിച്ചു നിലകൊള്ളുകയും ചെയ്തു.
സോഷ്യലിസ്റ്റ് ആദർശങ്ങളിൽ വിശ്വസിക്കുന്ന നിരവധി സോഷ്യലിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നിങ്ങനെ പല പേരുകളിൽ പല കാലഘട്ടങ്ങളിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
എന്നാൽ ഇന്ന് സോഷ്യലിസ്റ്റ് ആദർശങ്ങൾ അതിന്റേതായ രൂപത്തിൽ നിലനിർത്തുകയും സംശുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഏക സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ). അഡ്വ. തമ്പാൻ തോമസ് (എക്‌സ് എം.പി) പ്രസിഡന്റും ഡോ. സന്ദീപ് പാണ്ഡെ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി(ഇന്ത്യ) ദേശീയരാഷ്ട്രീയത്തിൽ ഇന്നും പ്രസക്തമാണ്.

ഇന്ത്യയിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റും അക്കാദമിക് പണ്ഡിതനുമാണ് ഡോ. സന്ദീപ് പാണ്ഡെ. ഐ.ഐ.ടി ഉൾപ്പെടെ ഒട്ടേറെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നുണ്ട്. മാഗ്‌സസെ അവാർഡ് ജേതാവുമാണ്. അധികാരത്തെക്കാളുപരി ആദർശമാണ് രാഷ്ട്രീയത്തിൽ അനിവാര്യമായിട്ടുള്ളതെന്ന് വിശ്വസിക്കുന്ന ഡോ. സന്ദീപ് പാണ്ഡെ ഒരിക്കലും തന്റെ ആദർശങ്ങൾ ഒന്നിനുവേണ്ടിയും അടിയറവയ്ക്കാൻ തയ്യാറായിട്ടുമില്ല. അതുകൊണ്ടുതന്നെയാണ് മാറി മറിയുന്ന ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിലും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യ്ക്ക് സ്വന്തം സ്വത്വം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും മികച്ച യൂണിവേഴ്‌സിറ്റികളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഡോ. സന്ദീപ് പാണ്ഡെയുടെ പ്രവർത്തനങ്ങൾ എന്നും സാധാരണക്കാർക്കുവേണ്ടിയായിരുന്നു. സമൂഹത്തിൽ എല്ലാ രീതിയിലും പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെയും. രാഷ്ട്രീയപ്രവർത്തനം സാമൂഹിക സേവനത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്ന ഒരു തലമുറയുടെ വക്താവ് എന്നും പറയാം. സാധാരണ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി (ഞശഴവ േീേ ശിളീൃാമശേീി) നിരന്തരം പോരാടി വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയപരിസ്ഥിതിയിൽ സോഷ്യലിസ്റ്റു ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. അധികാരത്തിന്റെ ആഡംബരത്തിലല്ല, ആദർശത്തിന്റെ അസ്ഥിയുറപ്പിലാണ് അതു നിലനിൽക്കുന്നത്. അത് തെളിയിക്കുന്നതാണ് ഡോ. സന്ദീപ് പാണ്ഡെയെപ്പോലുള്ള യഥാർത്ഥ സോഷ്യലിസ്റ്റുകളുടെ ഉയർന്ന ചിന്തയും ലളിതജീവിതവും.
ഇന്ത്യ ഇന്ന് നേരിടുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളെക്കുറിച്ചും ഒപ്പംതന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ കാലികപ്രസക്തിയെ സംബന്ധിച്ചും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പാണ്ഡെ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? വൈവിധ്യപൂർണ്ണമായ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമാണ് ഇന്ത്യയ്ക്കുള്ളത്. നാനാത്വത്തിൽ ഏകത്വം (ഡിശ്യേ ശി റശ്‌ലൃശെ്യേ) എന്ന തത്വത്തിലാണ് നാം വിശ്വസിക്കുന്നതും. ഈ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ എത്രത്തോളം പ്രസക്തമാണ്

സോഷ്യലിസ്റ്റ് ആശയങ്ങൾ കാലാതീതമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കാലദേശങ്ങൾക്കതീതമാണ്. ഏതു സമൂഹത്തിനും തുല്യതയും സമത്വവും പ്രദാനം ചെയ്യുന്ന മഹത്തായ ആശയമാണത്. വൈവിധ്യപൂർണ്ണമായ സാമൂഹിക പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക്  ഏറ്റവും അനുയോജ്യമാകുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ്.

? സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രചാരം സിദ്ധിച്ചിരുന്നു. ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു കോൺഗ്രസുകാരനായിരുന്നെങ്കിൽപ്പോലും സോഷ്യലിസ്റ്റായാണ് ചിലർ വിശേഷിപ്പിച്ചിരുന്നത്. വലിയ ജനപിന്തുണയുണ്ടായിരുന്ന ആ ആശയത്തിനു പിന്നീട് മങ്ങലേറ്റത് എന്തുകൊണ്ടാണ്?

സോഷ്യലിസം എന്നത് ഒരുപാടു മാനങ്ങളുള്ള ഒരു മഹത്തായ ആശയമാണ്. അത് അതിന്റെ തനതായ രൂപത്തിലും സ്വഭാവത്തിലും പ്രാവർത്തികമാക്കിയാൽ മാത്രമേ സാമൂഹികപരിവർത്തനത്തിനും ഉയർച്ചയ്ക്കും പ്രയോജനപ്പെടുകയുള്ളു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളെ മുൻനിർത്തി ഒട്ടേറെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉണ്ടായി എന്നതു വാസ്തവമാണ്. പക്ഷേ അവയെല്ലാം കൃത്യമായ വഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്നു പറയാൻ വയ്യ. പലതും പലരും പലവിധത്തിൽ വെള്ളം ചേർത്ത ആശയങ്ങളാണ് അവതരിപ്പിച്ചത്. അതൊന്നും യഥാർത്ഥ സോഷ്യലിസ്റ്റ് ആശയമായിരുന്നു എന്നു പറയാൻ വയ്യ. പക്ഷേ കുറച്ചൊക്കെ രൂപഭേദം വന്ന നിലയിലാണെങ്കിലും ഓരോ കാലഘട്ടത്തിലും ഈ ആശയം നിലനിന്നിരുന്നു എന്നു ഓർക്കണം. അതും പ്രധാനമാണ്.

? അധികാരമാണോ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ദുഷിപ്പിക്കുന്നത്.

അധികാരം ഒരു കാരണമാകാം. പക്ഷേ അതുതന്നെ ആകണമെന്നില്ല. സംശുദ്ധിയില്ലാത്ത സങ്കുചിത നിലപാടുകൾകൊണ്ടും പാർട്ടി ദുഷിച്ചുപോകാം. ബി.ജെ.പിയുടെ പ്രശ്‌നം അതാണ്. അധികാരമില്ലെങ്കിൽപോലും ആ പാർട്ടിക്ക്  സംശുദ്ധ രാഷ്ട്രീയ നിലപാടു സൂക്ഷിക്കാൻ കഴിയില്ല. കാരണം അടിസ്ഥാനപരമായി അവർ വിശ്വസിക്കുന്നത് വിഭാഗീയതയിലാണ് അഥവാ വർഗ്ഗീയതയിലാണ്. രണ്ടായാലും ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യരാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്ന ആശയമല്ല അത്.

? കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയും വളരെ മോശമാണല്ലോ.

അധികാരം അഥവാ അധികാരമോഹം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ദുഷിപ്പിക്കാം എന്നതിന്റെ തെളിവുകൂടിയാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ. ബി.ജെ.പിയെപ്പോലെ സങ്കുചിത ആശയങ്ങളല്ല കോൺഗ്രസിനുള്ളത്. പക്ഷേ പ്രായോഗികതലത്തിൽ ഒരു ആശയവും നടപ്പിലാക്കാൻ സാധിക്കുന്നുമില്ല. ഇന്ത്യ മുഴുവൻ വേരുകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും അതിന്റെ സാധ്യതകളറിഞ്ഞു പ്രായോഗികതലത്തിലെത്തിക്കാൻ അവർക്ക് സാധിക്കുന്നില്ല. 

? എന്തൊക്കെ പറഞ്ഞാലും ബി.ജെ.പി വളരുന്നു എന്നത് ഒരു വസ്തുതയല്ലേ. ശരിയായ രീതിയിൽ അവർക്കെതിരെ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ സാധിക്കുന്നില്ലല്ലോ.

ബി.ജെ.പി അധികാരം കൈയാളുന്നുണ്ട്. പക്ഷേ വളർന്നുകൊണ്ടിരിക്കുന്നു എന്ന് ഉറപ്പിച്ചു പറയേണ്ട. കാരണം ബി.ജെ.പിയുടെ വളർച്ചയെക്കാളുപരി കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു പ്രസ്ഥാനങ്ങളുടെ തളർച്ച അവർ മുതലാക്കുകയാണ്. താങ്കൾ പറഞ്ഞതുപോലെ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അധികാരത്തിലിരിക്കുന്നു എന്നേയുള്ളു. കുറേ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നു എന്നതുകൊണ്ടുമാത്രം ഒരു രാജ്യത്തിന്റെ മൊത്തം അംഗീകാരം ലഭിക്കുന്നു എന്നു പറയാൻ കഴിയില്ല. ബി.ജെ.പിയുടെ ആശയങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

? ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും വളർച്ചയുണ്ടാകുന്നില്ലല്ലോ. ഉണ്ടായിരുന്ന ജനപിന്തുണകൂടി കുറയുകയല്ലേ ചെയ്തത്.

അത് വാസ്തവമാണ്. അതിനു പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം കമ്മ്യൂണിസ്റ്റുകാർ ഡിക്‌ടേറ്റർഷിപ്പിൽ വിശ്വസിക്കുന്നു (ഏകാധിപത്യം). അഥവാ അങ്ങനെ സംഭവിക്കുന്നു എന്നതാണ്. ഇന്ത്യയിൽ ഇത് അംഗീകരിക്കുന്നില്ല. അടിസ്ഥാനപരമായി ജനാധിപത്യ വിശ്വസികളാണു നമ്മൾ പ്രോലിറ്റേറിയൻ ആശയങ്ങൾക്കുവേണ്ടി അല്ലെങ്കിൽ തൊഴിലാളിവർഗ്ഗാധിപത്യത്തിനുവേണ്ടി എന്നൊക്കെ പറഞ്ഞാലും ഫലത്തിൽ അതൊന്നും സംഭവിക്കുന്നില്ല. ഇന്ത്യയുടെ സാമൂഹ്യ പശ്ചാത്തലം ഉൾക്കൊണ്ടു മാത്രമേ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു നിലനിൽക്കാൻ സാധിക്കുകയുള്ളു.

? ആദർശപരമായി ഔന്നിത്യം ഉണ്ടെങ്കിലും അംഗബലംകൊണ്ട് ബി.ജെ.പിയെ മറികടക്കാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനാകില്ല. ഈ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ പ്രസക്തി എന്താണ്.

ഒരു കാര്യം മനസ്സിലാക്കുക, അധികാരമല്ല ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കരുത്തിന്റെ അളവുകോൽ. അവർ മുമ്പോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ഉൾക്കരുത്താണ്. അധികാരമോ, മറ്റു സ്ഥാനമാനങ്ങളോ പണമോ ഒന്നും മോഹിച്ചിട്ടല്ല ഞങ്ങളുടെ പാർട്ടിയിൽ ആളുകൾ നിൽക്കുന്നത്. ഒരു വലിയ ആശയത്തിന്റെ സാക്ഷാത്കാരമാണ് ഞങ്ങളുടെ ലക്ഷ്യം. അത് തിരിച്ചറിയുന്നവരാണ് സോഷ്യലിസ്റ്റുകൾ. ഇനി ബി.ജെ.പിയെ തകർക്കാൻ  സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യ്ക്ക് കഴിയുമോ എന്നത്. ഒരു പ്രസ്ഥാനത്തെ അഥവാ തെറ്റായ ആശയത്തെ നിഷ്‌ക്കാസനം ചെയ്യുന്നത് ഒരു നിമിഷംകൊണ്ടല്ല. ആശയപരമായ ഒരു നിരന്തര പ്രക്രിയയാണത്. ബി.ജെ.പിയുടെ വർഗ്ഗീയതയെ തകർക്കാൻ സോഷ്യലിസ്റ്റ് ആശയം കൊണ്ടുമാത്രമേ സാധിക്കുകയുള്ളു. കാരണം എല്ലാത്തരം  വിഭാഗീയതയ്ക്കും ഞങ്ങൾ എതിരാണ്. അധികാരംകൊണ്ടല്ല ഞങ്ങൾ ജനതയെ കീഴടക്കുന്നത്. ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. വർഗ്ഗീതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ശക്തമായ നിലപാടാണ് സോഷ്യലിസ്റ്റുകൾ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.

വ്യക്തികളെയോ സമൂഹത്തെയോ വൈകാരികമായി തമ്മലടിപ്പിച്ച് ഉണ്ടാക്കുന്ന നേട്ടം താൽക്കാലികമാണ്. ശാശ്വതമായ നേട്ടം പടിപടിയായിട്ടാണെങ്കിൽപ്പോലും ജനതയുടെ ചിന്താധാരയ്ക്കു പുതിയ വഴിത്തിരിവു സൃഷ്ടിക്കുക എന്നതാണ്. സോഷ്യലിസ്റ്റുകൾ ചെയ്യുന്നതും അതാണ്. വർഗ്ഗീയ- വിഘടനശക്തികളെ തൂത്തെറിയാൻ ജനങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അനതിവിദൂര ഭാവിയിൽ അതു സംഭവിക്കാം. ഇതിൽ നിർണ്ണായക പങ്ക് അവകാശപ്പെടാൻ കഴിയുന്നത് സോഷ്യലിസ്റ്റുകൾക്കായിരിക്കുകയും ചെയ്യും. കാരണം എല്ലാ ജനങ്ങളെയും തുല്യരായി കാണുന്ന അല്ലെങ്കിൽ തുല്യതയിൽ എത്തിക്കുന്ന മഹത്തായ ആശയമാണ് സോഷ്യലിസ്റ്റുകൾ മുമ്പോട്ടു വയ്ക്കുന്നത്. അതിനു പകരം വയ്ക്കാൻ മറ്റൊരു ആശയവും ഇല്ല എന്നും എടുത്തു പറയേണ്ടതുണ്ട്. പ്രത്യേകിച്ചും നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ആദർശത്തിന്റെ ഉൾക്കരുത്തുതന്നെയാണ് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ  ശക്തി. ആ ശക്തി ഒരിക്കലും ക്ഷയിക്കില്ല.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE