
റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പശ്ചിമബംഗാളിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവും ബുർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ജിബൻ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ഇഡി റെയ്ഡിനെത്തിയതറിഞ്ഞ ജിബൻ കൃഷ്ണ വീട്ടുവളപ്പിൽ നിന്ന് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ബംഗാളിലെ സ്കൂൾ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്. ജിബൻ കൃഷ്ണ സാഹയുടെ മുർഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്.











