07:59pm 22 November 2026
NEWS
മമത–എം.എ. ബേബി ഫോൺ സംഭാഷണം; വർഷങ്ങളുടെ രാഷ്ട്രീയ വൈരം മറന്ന് ടി.എം.സി–സി.പി.എം നീക്കം
26/09/2026  10:32 AM IST
nila
മമത–എം.എ. ബേബി ഫോൺ സംഭാഷണം; വർഷങ്ങളുടെ രാഷ്ട്രീയ വൈരം മറന്ന് ടി.എം.സി–സി.പി.എം നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഷങ്ങളായി രാഷ്ട്രീയ എതിരാളികളായി തുടരുന്ന തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ പുതിയ ആശയവിനിമയത്തിന് തുടക്കം. മുഖ്യമന്ത്രി മമത ബാനർജി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമ ബംഗാളിലെ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ തമ്മിൽ ഇത്തരമൊരു ആശയവിനിമയം നടക്കുന്നത്. ദേശീയ തലത്തിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ വൈര്യം കാരണം ടി.എം.സിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം ഏറെ അകന്നുനിന്നിരുന്നു.

എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ച ചെയ്യാൻ ‘ഇന്ത്യ’ സഖ്യ നേതാക്കളുടെ യോഗം അടുത്ത ആഴ്ച ആദ്യം തന്നെ വിളിക്കണമെന്ന് മമത ബാനർജി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇതിന്റെ ഭാഗമായി ടി.എം.സി ഡെപ്യൂട്ടി ലീഡർ കല്യാൺ ബാനർജി വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്തിരുന്നു. പിന്നാലെയാണ് മമത ബാനർജി എം.എ. ബേബിയുമായി ഫോണിൽ സംസാരിച്ചതെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് മമത ബാനർജി ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്നും അവർ എം.എ. ബേബിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമ ബംഗാളിൽ ടി.എം.സിയും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യത ഉയർത്തിക്കാട്ടി ഇരുപാർട്ടികളും ഒരു വിഷയത്തിൽ ആശയവിനിമയത്തിന് തയ്യാറാകുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img