
കൊൽക്കത്ത: അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസ് വിവാദത്തിൽ. ടിഎംസി നേതാവായ ജഹാംഗീർ ഖാനും മറ്റ് അഞ്ച് പേരെയുമാണ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഫാൽത്ത മേഖലയിലെ തെരുവുകളിലൂടെയാണ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നടത്തിയത്. വിലങ്ങണിയിച്ചും അരയിൽ കയർ കെട്ടിയും നേതാക്കളെ നടത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജഹാംഗീർ ഖാനൊപ്പം ആകാശ് സിങ്, അഭിജിത് റോയ്, ഗുദ്ദു അൻസാരി, ഷമിം അഹമ്മദ്, ഷാഹിൻ മൊല്ല എന്നിവരെയും പോലീസ് പൊതുമധ്യത്തിലൂടെ നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന ഒരു വീഡിയോയിൽ പ്രതികളിൽ ഒരാൾ കൈ ചെവിയിൽവെച്ച് മാപ്പ് പറയുന്നതും കാണാം. പോലീസ്, പാരാമിലിട്ടറി സേനാംഗങ്ങൾ എന്നിവരുടെ അകമ്പടിയോടെയായിരുന്നു നടപടി. സംഭവത്തിൽ പ്രതിഷേധവുമായി ജഹാംഗീർ ഖാന്റെ ഭാര്യയും അനുയായികളും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നേതാക്കളെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് ടിഎംസി പ്രവർത്തകർ ആരോപിച്ചു.
വിവാദം ശക്തമായതോടെ കൽക്കട്ട ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടു. പ്രതികളെ പൊതുസ്ഥലത്ത് ഇത്തരത്തിൽ നടത്തിക്കാനുള്ള നിയമപരമായ അടിസ്ഥാനമെന്താണെന്നും അതിനുണ്ടായ സാഹചര്യങ്ങളെയും കുറിച്ച് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടി. അന്വേഷണത്തിന്റെ പേരിൽ പ്രതികളെ പൊതുമധ്യത്തിൽ അപമാനിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങളുടെ പുനരാവിഷ്കരണത്തിനായാണ് പ്രതികളെ സ്ഥലത്തെത്തിച്ച് നടത്തിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ ഇത്തരമൊരു നടപടിക്ക് വ്യക്തമായ നിയമസാധുതയില്ലെന്ന് ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ടിഎംസി നേതാക്കളും രംഗത്തെത്തി. ഭരണഘടനയിലെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് നടന്നതെന്ന് ടിഎംസി നേതാവ് കല്ല്യാൺ ബാനർജി ആരോപിച്ചു. പോലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഇതാണ് രാമരാജ്യം എന്നാണ് ബിജെപി നേതാവും ഹൗറ ഉത്തർ എംഎൽഎയുമായ ഉമേഷ് റായി പറഞ്ഞത്. അറസ്റ്റിലായ ആകാശ് സിങ് ഇതേ തെരുവിലൂടെ നൂറുകണക്കിന് അനുയായികൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയ കാലമുണ്ടായിരുന്നു. ഇന്ന് അതേ ആകാശ് സിങ് അരയിൽ കയറും കൈയിൽ വിലങ്ങും കെട്ടി അതേ തെരുവിലൂടെ നടക്കുകയാണ്. യഥാർഥ രാമരാജ്യം ഇങ്ങനെയാണെന്നും അദ്ദേഹം പ്രതികരിച്ചു.










