
തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ, മമത ബാനർജിയുടെ വിശ്വസ്തയായി കണക്കാക്കപ്പെട്ടിരുന്ന ജാദവ്പുർ എംപി സായോണി ഘോഷ് വിമതപക്ഷത്തോട് അടുപ്പം പുലർത്തുന്നതായി റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ 20 വിമത എംപിമാരുടെ പട്ടികയിൽ സായോണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിഷയത്തിൽ അവർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ടിഎംസിയിൽ നിന്ന് വേർപിരിയുന്ന എംപിമാർ ആരൊക്കെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
വിമത വിഭാഗത്തിന്റെ നേതാവായ കകോലി ഘോഷ്് ദസ്തിദാർ ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ച് 20 എംപിമാർ തങ്ങളോടൊപ്പമുണ്ടെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ എംപിമാരുടെ പേരുകൾ പുറത്തുവിട്ടിരുന്നില്ല. സായോണി ഘോഷ് വിമതർക്കു പിന്തുണ പ്രഖ്യാപിക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മമത ബാനർജിയുടെ മറ്റൊരു അടുത്ത അനുയായിയായ എംപി മാലാ റോയ് യും ഡൽഹിയിലെ വിമത ക്യാംപിൽ ചേർന്നതായി സൂചനകളുണ്ട്. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാൻ ആവശ്യമായ അംഗബലം വിമതർക്കില്ലെന്നാണ് മമതയെ പിന്തുണയ്ക്കുന്ന നേതാക്കൾ പറയുന്നത്. ലോക്‌സഭയിൽ ടിഎംസിക്ക് നിലവിൽ 28 അംഗങ്ങളാണുള്ളത്.
സായോണി ഘോഷിന്റെ നിലപാട് പാർട്ടി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെയാണ് അവരെ ടിഎംസിയുടെ യുവജനവിഭാഗം അധ്യക്ഷയായി നിയമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമത ബാനർജിയെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്ന സായോണി, “ദീദി ജയിച്ചാൽ ബംഗാൾ ജയിക്കും” എന്ന മുദ്രാവാക്യവും ശക്തമായി പ്രചരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകാതിരുന്നപ്പോൾ, എതിരാളികൾ വോട്ടുകൾ കവർന്നതുകൊണ്ടാണ് പരാജയമുണ്ടായതെന്നും ടിഎംസി യഥാർഥത്തിൽ തോറ്റിട്ടില്ലെന്നും അവർ വാദിച്ചിരുന്നു.










