
ചെങ്ങന്നൂർ: ചരിത്ര, പുരാവസ്തു, വാനനിരീക്ഷണ, പ്രാചീനലിപി പഠന ശാഖകളിൽ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ പണ്ഡിതൻ ചെങ്ങന്നൂർ കീഴ്ച്ചേരി മേരിൽ തേരകത്ത് ടി.കെ. ജോസഫിന്റെ 142-ാം ജന്മവാർഷിക അനുസ്മരണവും സ്മാരക അവാർഡ് ദാനവും 16-ന് നടക്കും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗത്തിന്റെയും ടി.കെ. ജോസഫ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി രാവിലെ 10.30-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ
കോളജ് കോൺഫറൻസ് ഹാളിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.കോളജ് പ്രിൻസിപ്പൽ ഫ്രഫ. ഡോ.എ. ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
കേരള ചരിത്ര പഠനത്തിനായി കേരള സൊസൈറ്റി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ടി.കെ. ജോസഫ്, തിരുവിതാംകൂർ ആർക്കിയോളജി വകുപ്പിന്റെ പ്രഥമ സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. എ.ആർ. രാജരാജവർമയുടെ സെക്രട്ടറിയായും കേരള സർവകലാശാലയുടെ ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി എഡിറ്റോറിയൽ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ച അദ്ദേഹം ക്രിസ്തീയ സഭാ ചരിത്രത്തെക്കുറിച്ചും തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ചും നിരവധി പ്രമുഖ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ടി.കെ. ജോസഫ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ടി.കെ. ജോസഫ് സ്മാരക ചരിത്ര അവാർഡ് അടൂർ സെന്റ് സിറിൾസ് കോളജ് ചരിത്രവിഭാഗം മേധാവി ഡോ. വർഗീസ് പേരയിലിന് സജി ചെറിയാൻ എംഎൽഎ സമ്മാനിക്കും. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പോൾ മണലിൽ, തേക്കിൻകാട് ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കൂടാതെ, ക്രിസ്ത്യൻ കോളജിലെ മികച്ച ചരിത്രവിഭാഗം വിദ്യാർഥിക്കുള്ള 5,000 രൂപയുടെ ടി.കെ. ജോസഫ് സ്മാരക എൻഡോവ്‌മെന്റ് കോളജ് പ്രിൻസിപ്പൽ ഫ്രഫ. ഡോ.എ. ഏബ്രഹാം അഭിരാമിക്ക് കൈമാറും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. ഡോ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തുമെന്ന് ടി.കെ. ജോസഫ് ഫൗണ്ടേഷൻ പ്രസിഡന്റ് ഈപ്പൻ നൈനാൻ, സെക്രട്ടറി എൻ.പി. ബൈജു, കോർഡിനേറ്റർ അജി ജോസഫ് ജോർജ്, ബോധിനി പ്രഭാകരൻ എന്നിവർ പത്ര സമ്മേളനത്തിൽ
പറഞ്ഞു .










