
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെരിയപാളയത്തിന് സമീപമുള്ള കന്നിഗൈപെയർ പ്രദേശത്തെ സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്‌സ്‌പോർട്ട് സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.
വാതകച്ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് ശ്വാസതടസം, തലകറക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്ലാന്റിലെ മർദ്ദനിയന്ത്രണ വാൽവിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) എത്തി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തെ തുടർന്ന് അന്വേഷണം നടത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മൂന്നംഗ സമിതിയെ നിയോഗിച്ചു. 24 മണിക്കൂറിനകം ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളും ചികിത്സാ നടപടികളും കാര്യക്ഷമമായി ഏകോപിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിർദേശം നൽകി.










