
തിരൂർ: മദ്യം എടുത്ത് കുടിച്ചതിന്റെ വിരോധത്തിൽ അമ്മാവന്റെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തലക്കാട് തെക്കൻകുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷ് (48) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം പത്മാനന്ദൻ എടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പത്മാനന്ദനെ തടഞ്ഞുവെച്ച് സോഫയിലേക്ക് തള്ളിയിട്ട ഗിരീഷ് തലയിൽ ഗുരുതരമായി പരിക്കേൽപ്പിച്ചു. നിലത്തുവീണതിന് പിന്നാലെ നെഞ്ചിൽ പലതവണ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ വാരിയെല്ലിനും ഗുരുതര പരുക്കേറ്റു.
പരുക്കേറ്റ പത്മാനന്ദന് ചികിത്സ നൽകാതെ വീട്ടിൽ തന്നെ തടഞ്ഞുവെച്ചതായും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ പത്മാനന്ദൻ ചികിത്സ ലഭിക്കാതെ ഈ മാസം 25ന് മരിച്ചു.
തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. തുടർന്ന് പൊന്നാനി ഈഴവതുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു.
തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗിരീഷിനെ റിമാൻഡ് ചെയ്തു.
പത്മാനന്ദന്റെ ഭാര്യ ഷീജ. മക്കൾ: പ്രവീണ, പവിത്ര.











