02:46am 19 June 2026
NEWS
കേരളത്തിലെ ക്യാമ്പസുകളിൽ മാറ്റത്തിന്റെ തരംഗമായി ടിങ്കർഹബ്ബ്; ടെക് ഇന്നോവേഷൻ രംഗത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനമായ ക്യാമ്പസ് ലീഡർമാരെ ആദരിക്കും
18/06/2026  08:02 PM IST
nila
കേരളത്തിലെ ക്യാമ്പസുകളിൽ മാറ്റത്തിന്റെ തരംഗമായി ടിങ്കർഹബ്ബ്; ടെക് ഇന്നോവേഷൻ രംഗത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനമായ ക്യാമ്പസ് ലീഡർമാരെ ആദരിക്കും

കൊച്ചി: കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീന ആശയങ്ങളും സാങ്കേതിക കഴിവുകളും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ടിങ്കർഹബ്ബ് ഫൗണ്ടേഷന്റെ 'ഗ്രാജുവേഷൻ ഡേ 2026' ജൂൺ 21-ന് നടക്കും. കാക്കനാട് മരിയ കൺവെൻഷൻ സെന്ററിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയാണ് ചടങ്ങ്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലുടനീളമുള്ള ക്യാമ്പസുകളിൽ ഹാക്കത്തോണുകൾ, പിയർ-ലേണിംഗ് സെഷനുകൾ, മേക്കർ മീറ്റപ്പുകൾ എന്നിവയിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ ടെക്നോളജി ഇന്നോവേഷൻ രംഗത്തേക്ക് എത്തിച്ച 55 ക്യാമ്പസ് ലീഡർമാരെ ചടങ്ങിൽ ആദരിക്കും. കേരളത്തിലെ എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക് കോളേജുകളിലായി 35,000-ത്തിലധികം വിദ്യാർത്ഥികളാണ് ടിങ്കർഹബ്ബ് ശൃംഖലയുടെ ഭാഗമായിട്ടുള്ളത്. കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും വ്യാവസായിക വളർച്ചാ രംഗത്ത് കൂടുതൽ ഇന്നോവേറ്റർമാരെ സൃഷ്ടിച്ച് മുന്നേറ്റമുണ്ടാക്കാനുള്ള തീവ്രപരിശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഇതിനായി ക്യാമ്പസുകളിൽ ടെക് മേക്കേർസിനെ സൃഷ്ടിക്കുന്നതിനായി ടിങ്കർഹബ്ബിൻ്റെ ഭാഗമായി, വിശാലമായ കൂട്ടായ്‌മയുണ്ടാക്കിയ 55 ക്യാമ്പസ് ലീഡർമാരെയാണ് ആദരിക്കുന്നത്.

ക്ലാസ് മുറിക്കപ്പുറം ചിന്തിക്കാനും പരീക്ഷണങ്ങൾ നടത്താനും ടിങ്കർഹബ്ബ് ഒരുക്കിയ വേദിയിലൂടെ നിരവധി വിദ്യാർത്ഥികളാണ് ആഗോള ശ്രദ്ധ നേടിയത്. കോവിഡ് കാലത്ത് ക്യാമ്പസിലെത്തിയ കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങിലെ അഭിമന്യു, തൻ്റെ പ്രതിഭ തെളിയിക്കാനുള്ള അവസരത്തിനായുള്ള തിരച്ചിലിലാണ് ടിങ്കർഹബ്ബിലേക്ക് എത്തിയത്. ഇദ്ദേഹം വികസിപ്പിച്ച 'അനുകൃതി'  എന്ന ജീനോമിക്സ് അധിഷ്ഠിത ടെക് ഇന്നോവേഷൻ, ലോകത്തിലെ ഏറ്റവും വലിയ ഡെവലപ്പർ മത്സരങ്ങളിലൊന്നായ 'ഗ്ലോബൽ AWS 10,000 ആൽഡയസ് ഡെവലപ്പർ കോമ്പറ്റീഷനിൽ' ഒന്നാം സ്ഥാനം നേടി. 115 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് എൻട്രികളെ മറികടന്നാണ് ഈ നേട്ടം. 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാർഡ് നേടിയ അഭിമന്യുവിന് ബേസ്44 അക്സിലറേറ്റർ, സീറോബേസ് എസ്-4 തുടങ്ങിയ പ്രമുഖ പ്രോഗ്രാമുകളിലേക്കും അവസരം ലഭിച്ചു. 'ടിങ്കർഹബ്ബ് എൻ്റെ കോളേജ് ജീവിതമല്ല, മറിച്ച് എന്റെ ഭാവി ജീവിതത്തിൻ്റെ ദിശ തന്നെ മാറ്റി'- അഭിമന്യു പറയുന്നു. ഒരു സാധാരണ വിദ്യാർത്ഥിയിൽ നിന്ന് ടിങ്കർഹബ്ബ് ചാപ്റ്ററിൻ്റെ ക്യാമ്പസ് കോ-ലീഡായി മാറിയ രാഹുൽ ഇന്ന് ലീനിയൻ്റ് എന്ന സ്റ്റാർട്ട്അപ്പിൻ്റെ കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമാണ്. പരാജയങ്ങളെ ഭയപ്പെടാതെ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ആത്മവിശ്വാസമാണ് ടിങ്കർഹബ്ബ് തനിക്ക് നൽകിയതെന്ന് കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങിലെ ടിങ്കർഹബ്ബ് ചാപ്റ്റർ ക്യാമ്പസ് ലീഡായ അഭിജിത്തും സാക്ഷ്യപ്പെടുത്തുന്നു. 

കൃത്രിമബുദ്ധി നയിക്കുന്ന സമകാലിക ലോകസാഹചര്യത്തിൽ മുന്നിലെത്താൻ രാജ്യങ്ങൾ മത്സരിക്കുകയാണ്. പലവിധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുന്ന ടെക് ബിൽഡർമാരാണ് ഇനി ലോകത്തെ നയിക്കുകയെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെക് ഇന്നോവേറ്റർമാരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. യുവാക്കൾക്ക് സ്വതന്ത്രമായി പരീക്ഷണങ്ങൾ നടത്താനും, പരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും, ആശയങ്ങളെ യാഥാർത്ഥ്യമാക്കാനുമുള്ള പിന്തുണ നൽകിക്കൊണ്ട് ടിങ്കർഹബ് ക്യാമ്പസുകൾ തോറുമുള്ള കൂട്ടായ്മകളിലൂടെ പ്രതിഭകളെ വളർത്തിയെടുക്കുകയാണ്. കേരളത്തിലുടനീളമുള്ള എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക് കലാലയങ്ങളിലെ ക്യാമ്പസ് ചാപ്റ്ററുകളിലൂടെ, 35,000-ത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി കേന്ദ്രീകൃത പഠന മുന്നേറ്റങ്ങളിലൊന്നായി ടിങ്കർഹബ് വളർന്നു കഴിഞ്ഞു. 

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ നിയന്ത്രിക്കുന്ന ഈ കാലത്ത്, ആഗോളതലത്തിൽ മുന്നേറാൻ ഇന്ത്യയ്ക്ക് പുതിയ ഗവേഷകരെയും ടെക് ഇന്നോവേറ്റർമാരെയും ആവശ്യമുണ്ട്. പരാജയങ്ങളിൽ പതറാതെ സ്വതന്ത്രമായി ചിന്തിക്കാനും ആശയങ്ങളെ യാഥാർത്ഥ്യമാക്കാനും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയാണ് ടിങ്കർഹബ്ബ് ചെയ്യുന്നത്. സ്വയം മുന്നേറാനും മറ്റുള്ളവരെ പഠിക്കാനും വളരാനും പ്രാപ്തരാക്കുന്ന നേതൃത്വത്തെ ക്യാമ്പസുകളിൽ ടിങ്കർഹബ്ബ് വാർത്തെടുക്കുന്നു. കൗതുകമുള്ള ചിന്തകൾ വളരുന്ന ക്യാമ്പസുകൾ സൃഷ്ടിക്കാൻ ഞങ്ങളുടെ 55 ക്യാമ്പസ് ലീഡർമാർക്ക് കഴിഞ്ഞിട്ടുണ്ട്,'- ടിങ്കർഹബ്ബ് ഫൗണ്ടേഷൻ സിഒഒ കുര്യൻ പറഞ്ഞു.  

ക്യാമ്പസുകളിൽ നിന്ന് ഇത്തരത്തിൽ ടെക് ബിൽഡർമാരുടെ ഇക്കോസിസ്റ്റം വളർത്തിയതിൽ സുപ്രധാന പങ്കാണ് ക്യാമ്പസ് ലീഡേർസ് വഹിച്ചത്. ഓരോ വിദ്യാർത്ഥിയും ജീവിതത്തിലെടുക്കുന്ന നിർണായകമായ തീരുമാനമാണ് ടെക് ഇന്നോവേഷൻ രംഗത്തേക്കുള്ള ചുവടുവെപ്പ്. അതിലൂടെ സ്വന്തം ജീവിതവും സമൂഹത്തിൻ്റെ പ്രശ്നങ്ങളും മാത്രമല്ല, രാജ്യത്തിൻ്റെ കുതിപ്പുപോലും സാധ്യമാകുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഗ്രാജുവേഷൻ ഡേ. 55 ക്യാമ്പസ് ലീഡർമാർക്കും പിന്നിൽ അവരുടെ കഠിനപരിശ്രമത്തിൻ്റെയും നേതൃപാടവത്തിൻ്റെയും കഥകൾ മാത്രമല്ല ഉള്ളത്. മറിച്ച് ഐക്യത്തിൻ്റെയും സഹകരണത്തിൻ്റെയും സന്ദേശം ഊട്ടിയുറപ്പിച്ച് നല്ല ഭാവി രൂപപ്പെടുത്താനാകുമെന്ന ഇവരുടെ പ്രചോദനത്തിലൂടെ ടെക് ഇന്നോവേറ്റർമാരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ  കഥകൾ കൂടിയാണ്. കൊച്ചിയിൽ 55 ക്യാമ്പസ് ലീഡർമാരെ ആദരിക്കുന്ന ചടങ്ങിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സ്പെഷ്യൽ സെക്രട്ടറി അദീലാ അബ്ദുള്ള ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img