05:14am 09 November 2026
NEWS
പഠനത്തോടൊപ്പം തൊഴിൽപരിചയം; വിദ്യാർത്ഥികളെയും കോളേജുകളെയും വ്യവസായ മേഖലയുമായി കോർത്തിണക്കി ടിങ്കർഹബ്; 'ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ' പുറത്തിറക്കി
12/08/2026  12:28 PM IST
NILA
പഠനത്തോടൊപ്പം തൊഴിൽപരിചയം; വിദ്യാർത്ഥികളെയും കോളേജുകളെയും വ്യവസായ മേഖലയുമായി കോർത്തിണക്കി ടിങ്കർഹബ്; ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ പുറത്തിറക്കി

 കൊച്ചി: തൊഴിൽമേഖല അതിവേഗം മാറുന്ന സാഹചര്യത്തിൽ, ഇന്റേൺഷിപ്പുകളെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠന-തൊഴിൽ അനുഭവങ്ങളാക്കി മാറ്റിയെടുക്കാൻ ടിങ്കർഹബ്. തൊഴിൽമേഖലയിൽ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും യഥാർഥ തൊഴിലിടത്തെ അടുത്തറിയാനും പ്രൊഫഷണൽ നെറ്റ്‌വർക്ക് രൂപപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്ന ഫലപ്രദമായ പാലമായി ഇന്റേൺഷിപ്പുകളെ മാറ്റുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ, കോളേജുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ‘ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ’ കൊച്ചിയിലെ ടിങ്കർസ്‌പേസിൽ സംഘടിപ്പിച്ച “റീഇമാജിനിംഗ് ഇന്റേൺഷിപ്സ് ദാറ്റ് വർക്ക് ഫോർ എവരിവൺ” എന്ന  ശിൽപശാലയിൽ പുറത്തിറക്കി. 

എ.ഐയുടെ വരവോടെ തൊഴിൽമേഖല അതിവേഗം മാറിക്കൊണ്ടിരിക്കെ, പണം ഈടാക്കുന്ന പരിശീലന പരിപാടികളും വിശ്വാസ്യതയില്ലാത്ത ഇന്റേൺഷിപ്പ് വാഗ്ദാനങ്ങളും വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന സാഹചര്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ദീർഘകാല ഇന്റേൺഷിപ്പുകൾ നടപ്പാക്കുമ്പോൾ കോളേജുകൾ നേരിടുന്ന അക്കാദമിക്, ഭരണപരമായ ബുദ്ധിമുട്ടുകൾ, അതേസമയം കോളേജുകളുടെ അക്കാദമിക് സംവിധാനങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് കമ്പനികൾക്കുള്ള പരിമിതമായ ധാരണ എന്നിവയും ശിൽപശാലയിൽ വിശദമായി ചർച്ച ചെയ്തു. ഈ വിടവ് നികത്തുന്നതിനുള്ള പ്രായോഗിക മാർഗനിർദേശമായാണ് ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
നിലവിൽ, ഭൂരിഭാഗം വിദ്യാർത്ഥികളും പഠനത്തിന്റെ ഭാഗമായി രണ്ടുമാസം വരെയുള്ള ഹ്രസ്വകാല ഇന്റേൺഷിപ്പുകളാണ് തെരഞ്ഞെടുക്കുന്നത്. അതേസമയം, കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി (KTU) ഉൾപ്പെടെയുള്ള സർവകലാശാലകൾ അവസാന സെമസ്റ്ററിലെ മുഴുവൻ കാലയളവും കമ്പനികളിൽ നേരിട്ടുള്ള തൊഴിൽപരിചയം നേടുന്നതിനായി ഉപയോഗപ്പെടുത്താനുള്ള പോളിസികൾ ഒരുക്കിയിട്ടുണ്ടെങ്കിലും, ഇത്തരം ഫുൾടൈം, ദീർഘകാല ഇന്റേൺഷിപ്പുകൾ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോഴും കുറവാണ്.
കോളേജുകൾക്കും കമ്പനികൾക്കും ഇത്തരം അവസരങ്ങളെക്കുറിച്ചുള്ള പരിമിതമായ ധാരണ, സർവകലാശാല-കോളേജ് തലത്തിലെ നടപടിക്രമങ്ങളിലെ സങ്കീർണതകൾ, എന്നിവയാണ് ഇതിന് പ്രധാന തടസ്സങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
അതേസമയം, എ.ഐയുടെ വളർച്ചയോടെ തൊഴിലവസരങ്ങളുടെ സ്വഭാവം മാറുകയും പുതുമുഖങ്ങൾക്ക് തൊഴിൽ നേടാനുള്ള മത്സരം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ദീർഘകാല ഇന്റേൺഷിപ്പുകൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് ടിങ്കർഹബ് ചൂണ്ടിക്കാട്ടുന്നു. യഥാർഥ തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനത്തോടൊപ്പം ആശയവിനിമയം, പ്രശ്നപരിഹാരം, ടീം വർക്ക്, പ്രൊഫഷണൽ പെരുമാറ്റം തുടങ്ങിയ തൊഴിൽമേഖലയിൽ നിർണായകമായ കഴിവുകളും വികസിപ്പിക്കാനാകും. അതുവഴി ഇന്റേൺഷിപ്പ് ഒരു സർട്ടിഫിക്കറ്റ് നേടാനുള്ള ഘട്ടമെന്നതിലുപരി ഭാവിയിലെ തൊഴിൽ അവസരങ്ങളിലേക്കുള്ള ഒരു വഴിയായി മാറുകയും ചെയ്യും.
ദീർഘകാല ഇന്റേൺഷിപ്പുകളുടെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും അധ്യാപകരുടെ ഇടയിലും കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. തൊഴിലിൽ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും യഥാർഥ തൊഴിൽപരിചയം നേടാനും ഇത്തരം അവസരങ്ങൾ സഹായിക്കും. 
അതേസമയം, "ഹ്രസ്വകാല ഇന്റേൺഷിപ്പുകളെ വെറും ഒരു നിർബന്ധിത അക്കാദമിക് ഘടകമായി കാണാതെ മെന്റർഷിപ്പിനും പഠനത്തിനുമുള്ള അവസരങ്ങളായി കാണണമെന്ന തിരിച്ചറിവ് ഈ ശിൽപശാലയിലൂടെ ലഭിച്ചു,” ശിൽപശാലയിൽ പങ്കെടുത്ത എഞ്ചിനീയറിങ് വിദ്യാർത്ഥി സാറ പറഞ്ഞു.
വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും, എച്ച്.ആർ പ്രൊഫഷണലുകളും, സ്റ്റാർട്ടപ്പ് സ്ഥാപകരും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് എന്താണ് വേണ്ടത്, കോളേജുകൾക്ക് എന്താണ് സാധ്യമാകുന്നത്, കമ്പനികൾക്ക് എന്താണ് പ്രതീക്ഷിക്കുന്നത് എന്നീ മൂന്ന് കാഴ്ചപ്പാടുകൾ ഒരുമിച്ച് ചർച്ച ചെയ്താണ് പ്ലേബുക്കുകൾ രൂപപ്പെടുത്തിയത്.
എ.ഐ തൊഴിൽരംഗത്തെ മാറ്റിമറിക്കുമ്പോൾ പ്രായോഗികമായ കഴിവുകൾക്കാണ് തൊഴിൽദാതാക്കൾ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സമ്പ്രദായവും മാറേണ്ടതുണ്ടെന്നും, ആ മാറ്റം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി കൊണ്ടുവരാൻ കഴിയില്ലെന്നും ടിങ്കർഹബ് ചൂണ്ടിക്കാണിക്കുന്നു. പ്ലേബുക്കുകൾ കേരളത്തിലുടനീളമുള്ള കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിച്ച് കൂടുതൽ കുട്ടികൾക്ക് അർത്ഥവത്തായ ഇന്റേൺഷിപ്പുകൾ ഉറപ്പാക്കാനും ടിങ്കർഹബ് ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img