06:34pm 02 May 2026
NEWS
ഇണയെ തേടി ഭൂട്ടാനിൽ നിന്നും ഇന്ത്യയിലെത്തിയ കടുവ സഞ്ചരിച്ചത് 100 കിലോമീറ്ററിലേറെ
19/01/2026  04:15 PM IST
nila
ഇണയെ തേടി ഭൂട്ടാനിൽ നിന്നും ഇന്ത്യയിലെത്തിയ കടുവ സഞ്ചരിച്ചത് 100 കിലോമീറ്ററിലേറെ

ഇണയെ തേടി 100 കിലോമീറ്ററിലേറെ താണ്ടി ഭൂട്ടാനിൽ നിന്നും ഇന്ത്യയിലെത്തിയിരിക്കുകയാണ് ഒരു ആൺ കടുവ. രണ്ട് വർഷത്തിന് മുമ്പ് പശ്ചിമ ബംഗാളിലെ ബക്സ കടുവാ സങ്കേതത്തിലെ ക്യാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യങ്ങൾ വീണ്ടും ഇപ്പോൾ ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. വെസ്റ്റ് രാജഭട്ഖാവ റേഞ്ചിൽ സ്ഥാപിച്ച ട്രാപ്പ് ക്യാമറയിലാണ് ജനുവരി 15ന് രാത്രി 8.19ന് ഇടതൂർന്ന വനത്തിലൂടെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രം പതിഞ്ഞത്. 2023 ഡിസംബറിലായിരുന്നു ഇവിടെ അവസാനമായി കടുവയുടെ ചിത്രം ലഭിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇത് ഒരു പ്രായപൂർത്തിയായ ആൺകടുവയാണ്. ഏകദേശം 100 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് കടുവ ബക്സയിലെത്തിയതെന്ന് അധികൃതർ വിലയിരുത്തുന്നു. ഇപ്പോഴും കടുവ വനമേഖലയിലുണ്ടെന്നും, അതിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതായും ബക്സ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ അപൂർബ സെൻ അറിയിച്ചു.

ഈ കടുവ ഭൂട്ടാനിൽ നിന്നെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി രണ്ട് സാഹചര്യങ്ങളിലാണ് ആൺകടുവകൾ പുതിയ പ്രദേശങ്ങൾ തേടി സഞ്ചരിക്കുന്നത്. മറ്റൊരു ശക്തനായ ആൺകടുവയുടെ ആധിപത്യത്തിൽ നിന്ന് പുറത്താക്കപ്പെടുകയോ, ഇണയെ തേടിയിറങ്ങുകയോ ചെയ്യുമ്പോഴാണ് ഇത്തരം ദീർഘയാത്രകൾ നടക്കുന്നത്. വിവിധ ഫോറസ്റ്റ് റേഞ്ചുകൾ അതിവേഗത്തിൽ കടന്നുപോകുന്ന പ്രവണത കണക്കിലെടുത്താൽ, ഇണാന്വേഷണത്തിനായിരിക്കും ഈ സഞ്ചാരമെന്നതാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

761 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബക്സ കടുവാ സങ്കേതത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കടുവ പുനരധിവാസ പദ്ധതി പുരോഗമിക്കുകയാണ്. അസമിലെ മാനസ് കടുവാ സങ്കേതവുമായി ബന്ധപ്പെട്ട റൈമോണ ദേശീയോദ്യാനവും ഭൂട്ടാനിലെ ഫിബ്സൂ വന്യജീവി സങ്കേതവും ബക്സയോട് അതിർത്തി പങ്കിടുന്നു. ഈ പ്രദേശങ്ങൾ തമ്മിൽ കടുവകൾക്ക് സഞ്ചരിക്കാൻ അനുയോജ്യമായ വന ഇടനാഴികൾ നിലനില്ക്കുന്നതായി വന്യജീവി വിദഗ്ധർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img