
അഴിമതിയും കൂറുമാറ്റവും കുതികാൽവെട്ടുമൊക്കെ രാഷ്ട്രീയത്തിൽ അലങ്കാരമാണ്. പുതിയ കാലത്ത് വിശേഷിച്ചും. എന്നാൽ പെണ്ണുകേസിൽ പെട്ടുപോയാൽ തന്നെ നാണക്കേടാണ്. ശിക്ഷിക്കപ്പെട്ടാലോ? പൊതുജീവിതം തീർന്നു എന്ന് പറയേണ്ടിവരും. കുടുംബത്തിന് നാട്ടിലിറങ്ങിനടക്കാൻ കഴിയാതെ വരും. രാഷ്ട്രീയരംഗത്ത് സൽപ്പേരും ജനകീയാടിത്തറയുമുള്ള കുടുംബമാണെങ്കിലോ? വീഴ്ചയുടെയും അപമാനത്തിന്റെയും ആഘാതം കനത്തതായിരിക്കും. ഹാസനിലെ യുവരാജാവായിരുന്ന പ്രജ്വൽ രേവണ്ണയ്ക്ക് സംഭവിച്ചതതാണ്. പെണ്ണുകേസിൽ ശിക്ഷിക്കപ്പെട്ട തോടെ അയാളുടെ രാഷ്ട്രീയഭാവി തകർന്നു എന്നുമാത്രമല്ല, മുൻ പ്രധാനമന്ത്രിയും മുൻ സംസ്ഥാനമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ അടങ്ങുന്ന സ്വന്തം കുടുംബത്തെ അയാൾ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
മുൻപ്രധാനമന്ത്രിയുടെ ദുര്യോഗം
കണ്ണീർവാർക്കുന്നത് വന്ദ്യവയോധികനായ മുത്തച്ഛനാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിലും ജെഡിഎസ്സ് എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷപദവി അലങ്കരിക്കുന്ന, രാജ്യസഭയിൽ അംഗമായ അഭിവന്ദ്യനേതാവാണ്. അദ്ദേഹത്തിന്റെ ദേഹത്താണ്, ഈ അവസാനനാളുകളിൽ കൊച്ചുമകൻ ചെളി വാരിയെറിഞ്ഞത്. കർണാടകത്തിലെ കർഷകസമൂഹത്തിന്റെ ആരാധ്യനായ അദ്ദേഹത്തിന്റെ പേര് എച്ച് ഡി ദേവഗൗഡ എന്നാണ്. ഹാസനാണ് ദേവഗൗഡയുടെ ജന്മഗ്രാമമായ ഹൊളെനരസിപുർ സ്ഥിതിചെയ്യുന്ന ജില്ല. ദശകങ്ങളായി ബംഗളുരുവിലാണ് സ്ഥിരതാമസമെങ്കിലും ഹാസനിലെ മഹാരാജാവായിരുന്നു അദ്ദേഹം. വീട്ടിൽനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒരു ദേശീയകക്ഷിയെ സ്വന്തം കുടുംബപാർട്ടിയായി അധപ്പതിപ്പിച്ചതിന്റെ തിക്തഫലമാണ് ദേവഗൗഡ അനുഭവിക്കുന്നത്. അദ്ദേഹത്തിന് ആൺമക്കൾ രണ്ടാണ്. കേന്ദ്രമന്ത്രി കുമാരസ്വാമിയും ഹൊളെ നരസിപുർ എംഎൽഎ രേവണ്ണയും. കുമാരസ്വാമി രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായിരുന്നു, രേവണ്ണ മന്ത്രിയും. കുമാരസ്വാമിയ്ക്കും കുടുംബത്തിനും പാർട്ടിയിൽ ലഭിക്കുന്ന പരിഗണനയും അധികാരങ്ങളും തങ്ങൾക്കും കൂടി ലഭിക്കണമെന്ന് വാശിപിടിച്ച് രേവണ്ണയും കുടുംബവും ദേവഗൗഡയെ സമ്മർദ്ദത്തിലാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ വന്നുഭവിച്ചിരിക്കുന്ന കൊടിയ അപമാനം.
രേവണ്ണ- ഭവാനി ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്, പ്രജ്വലും സൂരജും. സൂരജ് ആണ് മൂത്ത ആൾ. മുപ്പത്തിയേഴുകാരനായ അയാൾ നിയമനിർമ്മാണ കൗൺസിൽ അംഗമാണ്. അതായത് എം എൽ എ യ്ക്ക് തുല്യമായ എം എൽ സി. ഹാസൻ ജില്ലാപഞ്ചായത്ത് അംഗമായിരുന്ന ഭവാനി 2023 ൽ ഹാസൻ നിയമസഭാ സീറ്റിനുവേണ്ടി അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. എന്നാൽ അതിന് തടസ്സം നിന്നത് അവരുടെ ഭർത്താവ് രേവണ്ണയുടെ അനുജനും ജെ.ഡി.എസ്സ് സംസ്ഥാന അധ്യക്ഷനുമായ കുമാരസ്വാമിയാണ്. ഹാസനിൽ സ്വരൂപ് പ്രകാശിനെ നിർത്തി അദ്ദേഹം ജയിപ്പിച്ചെടുക്കുകയും ചെയ്തു. പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള പക്വത ആർജ്ജിച്ചിരുന്നില്ലെങ്കിലും പ്രജ്വലിന് വലിയ പദവികൾ പിടിച്ചുവാങ്ങാനായി മാതാപിതാക്കൾ അതിനും എത്രയോ മുമ്പേ ശ്രമം തുടങ്ങിയിരുന്നു. രേവണ്ണയും ഭവാനിയും പ്രജ്വൽ തന്നെയും പാർട്ടി ദേശീയ അധ്യക്ഷനായ ദേവഗൗഡയിൽ നിരന്തരം സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. താൻ പ്രതിനിധീകരിച്ചിരുന്ന ഹാസൻ ലോക്‌സഭാസീറ്റ്, ആ സമ്മർദ്ദത്തിന്റെ ഫലമായി 2019 ൽ ദേവഗൗഡ പ്രജ്വലിന് വിട്ടുകൊടുത്തു. എന്നിട്ട് അദ്ദേഹം തുമക്കൂരുവിലേക്ക് മാറി. പ്രജ്വൽ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ദേവഗൗഡ പരാജയപ്പെടുകയാണുണ്ടായത്. ജെഡിഎസ്സും കോൺഗ്രസ്സും ചേർന്ന് പിന്നീട് അദ്ദേഹത്തിന് രാജ്യസഭയിൽ എത്തിക്കുകയായിരുന്നു.
വഴിവിട്ട അധികാരജീവിതം
എം പി പദവി പ്രജ്വലിന് ഒരുതരം ഉന്മാദമായിരുന്നു.തെറ്റായ വഴികളിലൂടെയാണ് അയാൾ നീങ്ങിയത്. പ്രശ്‌നങ്ങളും പരാതികളും പലതുണ്ടായെങ്കിലും ഒന്നും ദേവഗൗഡയ്ക്ക് അപ്പുറം പോയില്ല. ദേവഗൗഡയെപ്പോലെ, കോൺഗ്രസ്സ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പഴയ മൈസുരു മേഖലയിൽ നിന്നുള്ള നേതാക്കളാണ്. സിദ്ധരാമയ്യ ദേവഗൗഡയുടെ പഴയ ശിഷ്യനാണ്. ശിവകുമാർ ദേവഗൗഡയെ ബഹുമാനത്തോടെ കണ്ടിരുന്ന രാഷ്ട്രീയ എതിരാളിയും. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്സിന്റെ പല മണ്ഡലങ്ങളും കോൺഗ്രസ്സ് പിടിച്ചടക്കിയിരുന്നു. 2024 ൽ ഹാസനിൽ പ്രജ്വൽ വീണ്ടും സ്ഥാനാർത്ഥിയായി. അപ്പോഴേക്കും ബിജെപിയും ജെഡിഎസ്സും തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നു. ആ കാലയളവിലാണ് അയാളുടെ ലൈംഗിക പീഡനദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോൺഗ്രസ്സിന് ചോർത്തിക്കിട്ടിയത്. പരിചയമണ്ഡലത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുന്നതും പിന്നീട് കണ്ട് രസിക്കുന്നതും പ്രജ്വലിന് ഹരമായിരുന്നു. നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഹാസൻ പിടിക്കാൻ കാത്തിരുന്ന സിദ്ധരാമയ്യയും ശിവകുമാറും അതൊരു സുവർണ്ണാവസരമായി കരുതി. ബിജെപി -ജെഡിഎസ് സഖ്യം ആ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു.പ്രജ്വൽ ഉൾപ്പെട്ട ലൈംഗികപീഡന ദൃശ്യങ്ങൾ പ്രചാരണവേളയിൽ ഹാസനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആ ദൃശ്യങ്ങൾ കണ്ടവർ ഒന്നടങ്കം ഉള്ളുകൊണ്ട് പ്രജ്വലിന് എതിരായി. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ മുഖ്യമന്ത്രി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സി ഐ ഡി വിഭാഗം എ ഡി ജി പി ബി കെ സിംഗ് ഐ പി എസ് ആയിരുന്നു എസ്.ഐ.ടി മേധാവി. ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാല് പീഡനക്കേസുകളാണ് പ്രജ്വലിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. പരാതികൊടുത്ത വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്താൻ പ്രജ്വലും പിതാവും ശ്രമിച്ചിരുന്നു. വീട്ടുവേലക്കാരിയുടെ മകൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് അവരെ കണ്ടുപിടിച്ച് മോചിപ്പിക്കുകയായിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞ് വിദേശത്തേക്ക് പോയ പ്രജ്വൽ തിരിച്ചെത്തിയ ദിവസം തന്നെ (2024 മെയ് 31) അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷവും രണ്ടുമാസവും കടന്നുപോയിട്ടും ജാമ്യം കിട്ടിയിരുന്നില്ല. അയാൾക്കെതിരെ ശക്തമായ തെളിവുകൾ എസ് ഐ ടി ഹാജരാക്കിയിരുന്നു. ജനപ്രതിനിധികൾക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്. ഇരുപതിലേറെ സാക്ഷികൾക്ക് പുറമെ വീഡിയോയിലെ ദൃശ്യങ്ങളും ശബ്ദവും പ്രജ്വലിന്റേതാണെന്ന് സ്ഥാപിക്കുന്ന ശക്തമായ ഡിജിറ്റൽ തെളിവുകളും എസ് ഐ ടി ഹാജരാക്കിയിരുന്നു. ദേവഗൗഡയുടെ കുടുംബത്തിന്റെ പേരിൽ ഹാസനിലുള്ള ഫാംഹൗസിൽ വെച്ച് നാൽപത്തേഴ് വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പ്രജ്വലിന്റെ ബീജം പുരണ്ട ഇരയുടെ പാവാടയും മറ്റു ചില തെളിവുകളും ഫാംഹൗസിലെ അലമാരയിൽനിന്ന് കണ്ടെടുത്തത് എസ് ഐ ടി കോടതിയിൽ ഹാജരാക്കിയിരുന്നു. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്നും പ്രജ്വൽ കോടതിയോട് താണുകേണപേക്ഷിച്ചിരുന്നു. അയാൾ കോടതിയിൽ പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ നിസ്സഹായയായ വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഉച്ചവരെ പ്രോസിക്യൂഷന്റെയും പ്രതിയുടെയും അന്തിമവാദം കേട്ട പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വൈകിട്ടാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി ജീവപര്യന്തം തടവും പതിനൊന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ പതിനൊന്നേകാൽ ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രീയാധികാരം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസായി കരുതുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന വിധിപ്രസ്താവമാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ നിന്നുണ്ടായത്.
ജെഡിഎസ്സ് തകർച്ചയിലേക്ക്?
2024 മെയ് 31 ന് അറസ്റ്റുചെയ്യപ്പെടുമ്പോൾ പ്രജ്വൽ എം പിയായിരുന്നു. ഹാസനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ വിജയിച്ചതോടെ ജൂൺ നാല് മുതൽ അയാൾ എം പി അല്ലാതായി. എന്നിരുന്നാലും വിചാരണ തടവുകാരനായ അയാൾക്ക് മുൻ ജനപ്രതിനിധി എന്ന നിലയിൽ പരപ്പന അഗ്രഹാര ജയിലിൽ ചില പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. സ്വന്തം വസ്ത്രം ധരിക്കാൻ അനുവാദമുണ്ടായിരുന്നു. ശിക്ഷ വിധിക്കപ്പെട്ടതോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് പ്രജ്വലിനെ കുറ്റവാളികളുടെ സെല്ലിലേക്ക് മാറ്റി.15528 ആണ് പ്രജ്വലിന്റെ നമ്പർ. ജയിൽവസ്ത്രം നിർബന്ധമായും ധരിക്കണം. മെക്കാനിക്കൽ ബിരുദധാരിയായ പ്രജ്വൽ ആസ്ട്രേലിയയിൽ പിജിയ്ക്ക് ചേർന്നിരുന്നെങ്കിലും ആ കോഴ്‌സ് മുഴുവിച്ചിരുന്നില്ല. എം പി ആയിരുന്നപ്പോൾ ശമ്പളവും അലവൻസുകളും ചേർത്ത് പ്രജ്വലിന് പ്രതിമാസം രണ്ടര ലക്ഷം രൂപ ലഭിച്ചിരുന്നു. ജയിലിൽ 524 രൂപ ദിവസക്കൂലിയുള്ള ജോലിയിലാവും അയാൾ നിയോഗിക്കപ്പെടുക. മൂന്നു കേസുകൾ ബാക്കിയുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗത്തെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസ്സിന്റെ വിചാരണയാണ് ഉടനെ ആരംഭിക്കുക. ആദ്യകേസ്സിൽ തന്നെ ജീവപര്യന്തശിക്ഷ വിധിക്കപ്പെട്ടതിനാൽ മേൽക്കോടതികളിൽ നിന്ന് ശിക്ഷയിളവ് ലഭിക്കാൻ സാധ്യത കുറവാണ്. കുറേക്കാലം ഈ രാജ്യവും കർണാടക സംസ്ഥാനവും ദശകങ്ങളോളം ഹാസൻ ജില്ലയും ഭരിച്ച ദേവഗൗഡയെയും കുടുംബത്തേയുമാണ് കൊച്ചുമകൻ അപമാനത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിട്ടത്. ദേവഗൗഡയുടെ രാജ്യസഭ അംഗത്വത്തിന്റെ കാലാവധി ഏതാനും മാസങ്ങൾ കൂടിയുണ്ട്. അതിനുമുമ്പുതന്നെ കാൽനൂറ്റാണ്ടിലേറെയായി താൻ കൊണ്ടുനടക്കുന്ന ജെഡിഎസ്സ് ദേശീയ അധ്യക്ഷപദവി ദേവഗൗഡ ഉപേക്ഷിച്ചേക്കും. പ്രജ്വൽകേസ്സിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ മകൻ നിഖിലിനെ ജെഡിഎസ്സിന്റെ കർണാടക അധ്യക്ഷനായി പ്രഖ്യാപിക്കാനുള്ള തീരുമാനം ദേവഗൗഡ നീട്ടിക്കൊണ്ടു പോയത്.ഇനിയതിന് അദ്ദേഹം തയ്യാറായേക്കില്ല.കുടുംബ പാർട്ടിയായി ശുഷ്‌ക്കിച്ചുപോയ ജെഡിഎസ്സ്, പുതിയ സാഹചര്യത്തിൽ അനിവാര്യമായ തകർച്ചയിലേക്ക് പതിച്ചേക്കാം.