
കർണാടകം: "ഞങ്ങൾ യോഗം ചേർന്ന് പരിശോധിച്ചു. കമലാഹാസന്റെ ഭാഗത്ത് തെറ്റുണ്ട്. അദ്ദേഹം കർണാടക ജനതയോട് മാപ്പ് പറയേണ്ടതാണ്. അത് ഉണ്ടായിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് ഇവിടെ ഞങ്ങൾ തടഞ്ഞിരിക്കുകയാണ്" കർണാടക ഫിലിം ചേമ്പർ പ്രതിനിധിയും മുതിർന്ന സാമൂഹ്യ പ്രവർത്തകനുമായ സാരാ ഗോവിന്ദ് ബംഗളുരുവിൽ പറഞ്ഞു. "ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനാൽ മാപ്പ് പറയേണ്ട കാര്യവുമില്ല. ഇത്രകാലം തുടർന്നുപോന്ന ജീവിതവീക്ഷണം മാറ്റാൻ ഞാൻ ഒരുക്കമല്ല. കർണാടകം, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളോടും അവിടത്തെ ഭാഷകളോടും എനിക്കുള്ള സ്നേഹവും അടുപ്പവും ഏവർക്കുമറിയാം " കർണാടകത്തിൽ അദ്ദേഹത്തിനെതിരായി നടക്കുന്ന പ്രതിഷേധത്തെപ്പറ്റി ചോദിച്ചപ്പോൾ കമലാഹാസൻ ചെന്നൈയിൽ പറഞ്ഞതങ്ങനെയാണ്. ഡി എം കെയുടെ പിന്തുണയോടെ അദ്ദേഹം രാജ്യസഭ അംഗമാവുകയാണ്. അക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാൻ ഡി എം കെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു കമലിന്റെ പ്രതികരണം. കന്നഡ തമിഴിൽ നിന്ന് പിറവികൊണ്ടതാണെന്ന കമലിന്റെ പരാമർശമാണ് കന്നഡ ഭാഷാവാദികളെ ചൊടിപ്പിച്ചത്. കന്നഡ രക്ഷണ വേദിഗെ പോലുള്ള സംഘടനകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ചെന്നൈയിൽ തഗ് ലൈഫിന്റെ ഓഡിയോ റിലീസ് വേളയിൽ കന്നഡ സൂപ്പർതാരം ശിവരാജ്‌കുമാറിനെ വേദിയിൽ ഇരുത്തിക്കൊണ്ടും അദ്ദേഹത്തിന്റെ പിതാവ് ഡോക്ടർ രാജ്‌കുമാറിനെ ആദരവോടെ ഓർത്തുകൊണ്ടുമായിരുന്നു കമലിന്റെ പരാമർശം. സ്നേഹത്തിന്റെ പുറത്ത് പറഞ്ഞതാണെന്ന് പിന്നീട് വിശദമാക്കുകയും ചെയ്തു. എന്നാൽ മാപ്പ് പറഞ്ഞേ തീരൂ എന്ന നിലപാടാണ് കന്നഡ സംഘടനകൾ സ്വീകരിച്ചത്. സംസ്ഥാന ഗവണ്മെന്റും ആ നിലപാടിനെ പിന്തുണച്ചു. സംസ്ഥാനത്ത് കമലിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ചില കന്നഡ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. കമലിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകൾ കാണാൻ സംസ്ഥാനത്തുടനീളമുള്ള തീയ്യേറ്ററുകളിൽ കന്നഡിഗർ അടക്കമുള്ള പ്രേക്ഷകർ കൂട്ടം കൂട്ടമായി എത്താറുണ്ട്. തഗ് ലൈഫ് നിരോധനം പ്രതിഷേധക്കാരെ സന്തോഷിപ്പിച്ചപ്പോൾ കമലിന്റെ ആരാധകരെ നിരാശരാക്കിയിരിക്കയാണ്. വിഖ്യാത സംവിധായകൻ മണിരത്നം സംവിധാനംചെയ്യുന്ന തഗ് ലൈഫ് കാണാൻ ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് വിവാദം പൊട്ടിവീണത്. ജൂൺ അഞ്ചിനാണ് തഗ് ലൈഫിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. അതിനുമുമ്പ് ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നവർ നിരവധിയാണ്.











