11:59am 17 September 2025
NEWS
മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ എന്നല്ലേ: രേണു സുധി
11/09/2025  09:31 PM IST
nila
മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ എന്നല്ലേ: രേണു സുധി

സമൂഹ മാധ്യമങ്ങളിൽ സ്റ്റാറായെങ്കിലും  ബി​ഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായി തിളങ്ങാൻ രേണു സുധിക്ക് കഴിഞ്ഞിരുന്നില്ല. മക്കളെ പിരിഞ്ഞിരിക്കുന്നതിലെ മാനസിക സമ്മർദ്ദം കാരണം മുപ്പത്തി അഞ്ചാം ദിവസം ബി​ഗ് ബോസ് ഹൗസിൽ നിന്നും രേണു പുറത്തുപോയി. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു രേണു ഷോയിൽ നിന്നും പുറത്തുപോയത്. ബി​ഗ് ബോസിൽ പങ്കെടുക്കുന്ന സമയത്തും അതിന് മുമ്പും ശേഷവുമെല്ലാം സൈബറിടങ്ങളിൽ രേണു സുധിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ, ബി​ഗ് ബോസിന് ശേഷം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് രേണു പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
തനിക്ക് ഭ്രാന്താണെന്ന് പറയുന്നവരുണ്ടെന്നും അവർ പറയട്ടെ എന്നും രേണു സുധി പറയുന്നു. 

"മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ എന്നല്ലേ. അതൊക്കെ തന്നെയാണ്. ഞാൻ ഇനി വളർന്ന് വലിയ ആളാവോ സെലിബ്രിറ്റി ആവോ എന്നൊക്കെയുള്ള ഭയം കൊണ്ടായിരിക്കണം ഇങ്ങനെ സൈബർ ബുള്ളിയിം​ഗ് നടത്തുന്നത്. പിന്നെ എന്തുവന്നാലും തളരത്തില്ല. ഇങ്ങനെ തന്നെ ഞാൻ മുന്നോട്ട് പോകും. അതുകൊണ്ടാകും വീണ്ടും വീണ്ടും എന്നെ എറിഞ്ഞോണ്ട് ഇരിക്കുന്നത്. എവിടെയെങ്കിലും വീണാലോ. ഇതിലും വലുത് വന്നാലും തളരുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പെണ്ണാണ് ഞാൻ. മൂന്ന് കോടി ജനങ്ങൾക്കിടയിൽ ഒറ്റയ്ക്ക് നിന്ന് പോരാടാൻ രേണു സുധിക്ക് രേണു സുധി മാത്രമെ ഉള്ളൂ. മക്കൾ രണ്ട് പേരും കുഞ്ഞുങ്ങളാണ്. എന്റെ കൂടെ നിൽക്കാൻ ഞാൻ മാത്രമെ ഉള്ളൂ", എന്ന് രേണു സുധി പറയുന്നു.

ഫ്ളവർ അല്ലടാ, ഫയറാട, താഴത്തില്ലടാ എന്ന് പറഞ്ഞായിരുന്നു രേണു സുധി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എത്ര ആക്രമിക്കപ്പെട്ടാലും താൻ വിട്ടുകൊടുക്കില്ലെന്നും രേണു പറഞ്ഞിരുന്നു. എന്നാൽ രണ്ടാം ആഴ്ച ആരംഭിക്കുമ്പോൾ തന്നെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. വലിയ കണ്ടന്റുകളൊന്നും സൃഷ്ടിക്കാൻ രേണു സുധിക്ക് സാധിച്ചിട്ടില്ല. അക്ബർ ഖാൻ നടത്തിയ മോശം പരാമർശം, തലവേദനയെ ചൊല്ലിയുള്ള തർക്കം, അനീഷിനെതിരായ വാക് പോര് എന്നിങ്ങനെയുള്ള നിമിഷങ്ങൾ അല്ലാതെ രേണു സുധിയിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ബി​ഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നില്ല.

സോഷ്യൽമീ‍ഡിയയിലെ വൈറൽ താരവും കണ്ടന്റെ മേക്കറുമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് രേണു സുധിക്ക് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ എല്ലാം വെറുതെയായി. രേണു കൊടുങ്കാറ്റായി മറ്റ് മത്സരാർത്ഥികളെ മലർത്തിയടിക്കുമെന്ന് കരുതിയാണ് ബിബി പ്രേക്ഷകരും ഇരുന്നത്. എന്നാൽ ടാസ്ക്കുകൾ ഒന്നൊന്നായി വന്ന് തുടങ്ങിയപ്പോൾ രേണു കാറ്റുപോയ ബലൂൺ പോലെ മൂലക്കായി.

ഹോം സിക്ക്നെസ്സും മരിച്ചുപോയ ഭർത്താവിന്റെ ഓർമകളും അലട്ടി തുടങ്ങിയപ്പോൾ ശാരീരികമായി മാത്രമല്ല മാനസീകമായും രേണു തകർന്നു. ഹൗസിൽ തുടരാൻ ബുദ്ധിമുട്ട് അറിയിച്ച രേണു മുപ്പത്തിയഞ്ചാം ദിവസം സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുകയായിരുന്നു. ഇതിനിടെ, രേണുവിനെ കുറിച്ച് ബി​ഗ് ബോസ് വിന്നറായ അഖിൽ മാരാർ പറഞ്ഞ വാക്കുകളും സൈബറിടങ്ങളിൽ ചർച്ചയാകുന്നുണ്ട്. 

രേണു സുധി ബി​ഗ് ബോസ് മെറ്റീരിയലല്ലെന്ന് അഖിൽ പറയുന്നു. സുധിക്ക് അപ്പുറം മറ്റൊരു കണ്ടന്റുണ്ടാക്കാൻ രേണുവിന് കഴിയില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. അവർ എങ്ങനെയാണ് കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ.‍ ഒരാളെ മത്സാർത്ഥിയായി എടുക്കുമ്പോൾ അയാളെ കൊണ്ട് എങ്ങനെ കണ്ടന്റുണ്ടാക്കാം എന്നാണ് ആലോചിക്കേണ്ടത്.

വിധവ കളിച്ച് വീട്ടിൽ കുത്തിയിരുന്ന് രേണു പട്ടിണി കിടന്ന് ചാവണമെന്നാണോ ഇവർ പറയുന്നത്? ഇതൊക്കെയാണ് രേണുവിന് കിട്ടിയ കണ്ടന്റ്. ഇതിന് അപ്പുറത്തേക്ക് ഒന്ന് ഉണ്ടാക്കാൻ രേണുവിന് പറ്റുന്നില്ല. അവർ ഒരു സാദാ സ്ത്രീയാണ്. അതുകൊണ്ട് ഹൗസിൽ ഒറ്റപ്പെട്ട് പോയി. ഒറിജിനലാണ് അവർ. കൊല്ലം സുധിക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അഖിൽ മാരാർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.