07:15am 06 May 2026
NEWS
ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ മലയാളി യുവതി മരിച്ചു
06/05/2026  05:42 AM IST
nila
ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ മലയാളി യുവതി മരിച്ചു

ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ നാൽപ്പത്തേഴുകാരിയാണ് മരിച്ചത്. മലയാളിയായ ദീപക് കൃഷ്ണ എന്നയാളാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. ഇയാൾക്കായി  തൃശ്ശൂർ ഈസ്റ്റ് പൊലീസ് തിരച്ചിൽ ശക്തമാക്കി. 

നായ്ക്കളെ പരിചരിക്കുന്ന ജോലിക്കായാണ് യുവതി ബെംഗളൂരുവിലേക്ക് പോയത്. ഈ മാസം മൂന്നിനാണ് യുവതിക്കുനേരേ ആക്രമണമുണ്ടായത്.  താൻ യുവതിയെ ആക്രമിച്ചെന്ന് ദീപക് കൃഷ്ണ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യുവതിയെ താൻ ആക്രമിച്ചെന്നും അവരെ ആംബുലൻസിൽ കൊണ്ടുപോയിട്ടുണ്ട് എന്നുമെല്ലാം ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

മറ്റ് രണ്ടുപേർക്കൊപ്പമാണ് യുവതി ജോലിക്കായി ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂരുവിൽ ദീപക്കിന്റെ വീട്ടിലേക്ക് നായ്ക്കളെ നോക്കാൻ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ തലച്ചോറിനുൾപ്പെടെ ക്ഷതം സംഭവിച്ചിട്ടുണ്ട്.

യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ വിവരം പൊലീസിൽ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് ഇടപെട്ടാണ് യുവതിയെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

യുവതിയുടെ ഭർത്താവ് ദീപക്കിനെതിരെ മൊഴി നൽകിയിട്ടുണ്ട്. സംഭവം നടന്നത് ബെംഗളൂരുവിൽ ആയതിനാൽ അവിടേക്ക് കേസ് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img