
തൃശ്ശൂർ: ചൂണ്ടുവിരലിൽ ഗുരുതര പരിക്കേറ്റ് കുത്തിക്കെട്ടിയ നിലയിലായതിനാൽ യുവതിയെ വോട്ടുചെയ്യാൻ അനുദിക്കാതിരുന്നത് വിവാദമാകുന്നു. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂൾ ബൂത്തിലാണ് സംഭവം ഉണ്ടായത്. കുറുക്കഞ്ചേരി സ്വദേശിനിയായ അക്ഷയയാണ് വോട്ട് നിഷേധിക്കപ്പെട്ടത്. കൈക്കുഞ്ഞുമായെച്ചിയ യുവതിയെ മണിക്കൂറുകൾക്കു ശേഷമാണ് പ്രിസൈഡിംഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചത്.
കഴിഞ്ഞ ആറാം തീയതി മിക്‌സിയിൽ കൈപ്പെട്ടതിനെ തുടർന്ന് അക്ഷയയുടെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു. 15 കുത്തിക്കെട്ടുകളാണ് അക്ഷയയുടെ ചൂണ്ടുവിരലിനുള്ളത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ചൂണ്ടുവിരലിൽ മഷി പുരട്ടേണ്ടതുണ്ടെങ്കിലും, വിരൽ കെട്ടിയിരിക്കുന്നതിനാൽ അത് സാധ്യമല്ലെന്ന കാരണത്താൽ പ്രിസൈഡിങ് ഓഫീസർ ആദ്യം വോട്ട് അനുവദിച്ചില്ല.
ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ അക്ഷയ വീട്ടിൽ പോയി മെഡിക്കൽ രേഖകൾ സഹിതം വീണ്ടും എത്തിയെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല. തുടർന്ന്, വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെതിരെ അവർ ബൂത്തിൽ തന്നെ പ്രതിഷേധം നടത്തി. കൈയിൽ കുഞ്ഞുമായി നടത്തിയ പ്രതിഷേധം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവർ ബൂത്തിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടർന്ന് ബൂത്തിൽ പ്രതിഷേധം ഉടലെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ല. വോട്ട് നിഷേധിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ നിലനിൽക്കെ, ഇത്തരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ട് നിഷേധിക്കുന്നത് ശരിയല്ലെന്ന് വോട്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ആരോപിക്കുന്നു.
പ്രതിഷേധം മണിക്കൂറുകളായി തുടർന്നതോടെ ജില്ലാകളക്ടർ അടക്കം യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. മുറിവ് കെട്ടിവച്ചത് അഴിച്ച് വന്നാൽ വോട്ട് ചെയ്യിക്കാമെന്നാണ് പോളിങ് ഓഫീസർ പറയുന്നത്. യുവതിയുടെ വിരലിൽ 15 കുത്തിക്കെട്ടുകളാണ് ഉള്ളത്.
പ്രതിഷേധങ്ങൾക്കൊടുവിൽ യുവതിയിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്. അതുവരെ യുവതിയെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാനനുവദിച്ചില്ല.










