
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ബൈക്ക് പാർക്കിങ്ങിൽ ഇന്ന് രാവിലെയാണ് വൻ തീപ്പിടിത്തമുണ്ടായത്. നൂറിലധികം ബൈക്കുകൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. രാവിലെ 6.45 ഓടെയാണ് തീപടർന്നത്. സംഭവത്തിൽ ആളപായമില്ല. എന്നാൽ തീപിടിത്തം ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്.
പാർക്കിങ് ഷെഡ്ഡിൽ വെച്ചിരുന്ന വാഹനങ്ങളിലേക്കാണ് തീ അതിവേഗം വ്യാപിച്ചത്. പ്രദേശത്ത് ദിവസേന 500ലേറെ ബൈക്കുകൾ പാർക്ക് ചെയ്യുന്നതായാണ് വിവരം. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആദ്യം ഒരു ഇലക്ട്രിക് വാഹനത്തിലാണ് തീപിടിച്ചതെന്ന സംശയമുണ്ട്. വാഹനങ്ങളിൽ ഇന്ധനം ഉണ്ടായിരുന്നതിനാൽ തീ അണയ്ക്കൽ ശ്രമം ദുഷ്കരമായതായി ഫയർ ഫോഴ്‌സ് അധികൃതർ അറിയിച്ചു. സമീപത്തെ മരത്തിലേക്കും തീ പടർന്നിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം മിനിറ്റുകൾക്കുള്ളിൽ തീ മറ്റ് വാഹനങ്ങളിലേക്ക് പടർന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. പൊട്ടിത്തെറി ശബ്ദം കേട്ടതിനാൽ പ്രദേശത്തേക്ക് ആളുകൾക്ക് സമീപിക്കാനായില്ല.
പാർക്കിങ് മേഖലയിലെ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയാണ് തീപ്പിടിത്തം വലുതാകാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉണ്ടായിരുന്നെങ്കിൽ നഷ്ടം കുറയ്ക്കാനാകുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കൂടുതൽ ഫയർ എൻജിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.











