12:24am 28 June 2026
NEWS
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ വെല്ലുവിളി; ഓടിയാൽ മുതലാകില്ല; 200 സ്വകാര്യ ബസുകൾ ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുന്നു
25/06/2026  06:34 AM IST
nila
പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ വെല്ലുവിളി; ഓടിയാൽ മുതലാകില്ല; 200 സ്വകാര്യ ബസുകൾ ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുന്നു

തൃശൂർ: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിനെ തുടർന്നുണ്ടായ വരുമാനത്തിലെ കനത്ത ഇടിവും പ്രവർത്തനച്ചെലവിലെ വർധനവും മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ജൂലൈ ഒന്നുമുതൽ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തൃശ്ശൂർ ജില്ലയിലെ ഏകദേശം 200 സ്വകാര്യ ബസുകൾ ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. നിശ്ചിത കാലയളവിൽ വാഹനം ഓടിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുന്ന ഈ സംവിധാനത്തിലൂടെ ബസുടമകൾക്ക് നികുതി ഇളവ് ലഭിക്കും.

ജൂൺ 30ന് നിലവിലെ ക്വാർട്ടർ അവസാനിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ജി ഫോം സമർപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. പ്രദീപ് അറിയിച്ചു. ഇതിനകം തന്നെ 10 ബസുകൾ ജി ഫോം നൽകിയതായും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ നിന്ന് പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–മാള, ഗുരുവായൂർ–എറണാകുളം റൂട്ടുകളിലുമുള്ള സ്വകാര്യ ബസുകളാണ് പ്രധാനമായും സർവീസ് നിർത്തിവയ്ക്കാൻ പരിഗണിക്കുന്നത്. പല ബസുകൾക്കും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം 50 ശതമാനം വരെ ഇടിഞ്ഞതായി ബസുടമകൾ പറയുന്നു.

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ സ്വാധീനവും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായെന്നാണ് ഓപ്പറേറ്റർമാരുടെ ആരോപണം. നേരിട്ടുള്ള സർവീസില്ലാത്ത റൂട്ടുകളിലും യാത്രക്കാർ കണക്‌ഷൻ ബസുകൾ ഉപയോഗിച്ച് സൗജന്യ യാത്ര നടത്തുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മെഡിക്കൽ കോളജ് റൂട്ടിൽ പ്രിയദർശിനി സർവീസുകൾ വർധിച്ചതോടെ അവിടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും ബസുടമകൾ പറയുന്നു.

ഇതിനൊപ്പം ഡീസൽ വില വർധിച്ചതും ചെലവ് ഇരട്ടിയാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും സമീപിച്ചെങ്കിലും നിർണായക തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പരാതി.

സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ജീവനക്കാരെയും ബാധിക്കുന്നുണ്ട്. പല ഡ്രൈവർമാർക്കും കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തൃശൂർ–പാലക്കാട് റൂട്ടിൽ ഒരു ദിവസം മുഴുവൻ സർവീസ് നടത്തിയ പല ഡ്രൈവർമാർക്കും ലഭിച്ചത് വെറും 500 രൂപ മാത്രമാണെന്നും ബസ് ജീവനക്കാർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img