02:59pm 22 April 2026
NEWS

മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം നൽകും

22/04/2026  12:47 PM IST
nila
 മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം നൽകും

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപ വീതവുമാണ് നൽകുക. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും സൗജന്യ ചികിത്സയും നൽകും. 
ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.  ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണം നടത്തുക. ഇതിനായി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ നിയോ​ഗിച്ചു.

പരിക്കേറ്റവർക്ക് 6 മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവാണ് സർക്കാർ ഏറ്റെടുക്കുക. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന യഥാർത്ഥ തുക ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ദുരന്തം സംബന്ധിച്ച് 9 മൃതദേഹങ്ങളാണ് മോർച്ചറിയിലുള്ളത്. ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നൽകിയെന്നും വി എൻ വാസവൻ പറഞ്ഞു.

പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേർ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവർ പരിശോധനയിൽ ശരീരഭാഗങ്ങൾ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാൽ മാത്രമെ എത്രപേർ അപകടത്തിൽപ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തിൽ സ്‌പെഷ്യൽ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എൻ വാസവൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img