
ഇന്ന് ലോകമെമ്പാടുമുള്ള പൂരപ്രേമികൾ കാത്തിരുന്ന ദിനം. പൂരങ്ങളുടെ പൂരം എന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ പുരോഗമിക്കുകയാണ്. തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയായ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലെത്തി.ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ടത്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.
ഇന്നലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. പൂരക്കാഴ്ച്ചയായി ഇന്നു രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തിയത്. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും.
11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോൾ നടക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ ആയിരങ്ങളാണ് ആവേശത്തോടെ കാത്തിരിക്കുക. കോങ്ങാട് മധു ആണ് പ്രമാണം. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം. അവിടെയുമുണ്ടാകും ജനസഞ്ചയം. വൈകിട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്.
തൃശ്ശൂരിൽ ഗതാഗത നിയന്ത്രണം
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളുടെ വരവിനു മുന്നോടിയായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല. സ്വകാര്യവാഹനങ്ങൾക്ക് റൗണ്ടിന്റെ ഔട്ടർ റിങ്ങ് വരെ മാത്രമാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയൽ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്. ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിനും നോർത്ത് ബസ് സ്റ്റാൻഡിനും പുറമേ, വെസ്റ്റ് ഫോർട്ട് ജംക്‌ഷനിൽ താൽക്കാലിക ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു. ഒല്ലൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മുണ്ടുപാലം ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വൺവേയാക്കി.
ഇത് മകത്തിലെ പൂരം
പഞ്ചാംഗ കണക്കനുസരിച്ച് പൂരം നക്ഷത്രം നാളെയാണ്. എന്നാൽ ലോകം കാത്തിരിക്കുന്ന ആ പൂരം ഇന്നാണ്. ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്. അങ്ങനെയാണ് ഇക്കുറി മകം നാളിൽ പൂരമെത്തിയത്.











