
തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ 2024 ഡിസംബർ 28 ശനിയാഴ്ച വൈകീട്ട് ICC അശോകാ ഹാളിൽ വച്ച് അരങ്ങേറി. പ്രശസ്ത മലയാള സിനിമാ താരം ശ്രീ ഹരിപ്രശാന്ത് വർമ ആയിരുന്നു മുഖ്യ അതിഥി. സ്വാഗത ഗാനം, സെമിക്ലാസിക്കൽ ഡാൻസ്, മാർഗം കളി, കുട്ടികളുടെ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരോൾ, ചുരിക ടീമിന്റെ ബാൻഡ് പ്രകടനം തുടങ്ങിയവ കൂടിയായപ്പോൾ കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി ഈ ആഘോഷരാവ്.
സൗഹൃദവേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ ഈ കലാസന്ധ്യക്ക് 400 ൽ പരം കലാ സ്നേഹികളും, വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു. ഔദ്യോഗിക യോഗത്തിന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞപ്പോൾ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഔദ്യോഗിക ഉൽഘാടനം മുഖ്യ അതിഥി ശ്രീ ഹരിപ്രശാന്ത് വർമ നിർവഹിച്ചു. ട്രഷറർ റാഫി കണ്ണോത്ത്, കുടുംബസുരക്ഷാ കമ്മിറ്റി ചെയർമാൻ പ്രമോദ് മൂന്നിനി, ജനറൽ കോ ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ശശിധരൻ പ്ലാഴി, ടാക് ഖത്തർ എം ഡി പി.മൊഹസിൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ.സലീം, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ റജീന സലീം എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി റസാഖ് നിയന്ത്രിച്ച ഒദ്യോഗിക യോഗനടപടികൾക്ക്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദർ അലിയുടെ നന്ദിപ്രകടനത്തോടെ സമാപനമായി. തുടർന്ന് നയനമനോഹരവും ശ്രവണസുന്ദരവുമായ കലാവിരുന്നിനു ശേഷം സൗഹൃദഭക്ഷണത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.











