
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മൂന്നു പേർ മരിച്ചെന്നും പരിക്കേറ്റ പത്തോളം പേരുടെ നില അതീവ ഗുരുതരമെന്നുമാണ് റിപ്പോർട്ട്. നാൽപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഇന്നു വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സ്ഫോടനം നടന്ന പ്രദേശത്തെത്താൻ ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ആദ്യം തടസ്സം നേരിട്ടിരുന്നു. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്.
തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ്‌ന്റെ വെടിക്കെട്ട് പുരയിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രയിലും മറ്റുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
സമീപത്തെ പാടത്ത് മുഴുവൻ പടക്കങ്ങൾ തെറിച്ചു വീണ് പൊട്ടുന്ന അതീവഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഉഗ്രസ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ ദൂരേക്ക് തെറിച്ചു വീഴുന്നതിനാൽ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവർക്കായി കൂടുതൽ തിരച്ചിൽ നടത്താൻ സാധിക്കുകയുള്ളൂ. സ്ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.










