
കൊച്ചി: തൃശ്ശൂർ വെടിക്കെട്ടുപുര അപകടത്തിന് കാരണം അമിതമായ അന്തരീക്ഷ താപനിലയാകില്ലെന്ന് പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ). ചൂടുമൂലം സ്‌ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോ ചൂണ്ടിക്കാട്ടുന്നു. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നാണ് പെസോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും സംഭവ സ്ഥലം പരിശോധിച്ച ശേഷം പെസോ ഉദ്യോഗസ്ഥർ പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമ്മാണശാലയിൽ നിന്ന് തൊഴിലാളികളെ മാറ്റി ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലം സീൽ ചെയ്തു. പടക്കനിർമ്മാണശാലയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
വെടിക്കെട്ടുകൾ നടത്തുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഇപ്പോഴും പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥൻ പറഞ്ഞു. ശബ്ദവും വീര്യവും കുറച്ച് കാഴ്ചയ്ക്ക് പ്രാധാന്യം നൽകണം. വെടിക്കെട്ടുകൾ ആചാരമല്ല ആഘോഷമാണെന്നും അതിനാൽ വേണ്ടെന്ന് വച്ചാലും കുഴപ്പമില്ലെന്നും ജസ്റ്റിസ് ഗോപിനാഥൻ.112 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ ആണ് പി എസ് ഗോപിനാഥൻ.









