02:21am 26 August 2026
NEWS
ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാൽ ഇസ്ലാം മതവിശ്വാസികൾ അതിനോട് സഹകരിക്കരുത്; സ്കൂളിൽ ഓണം ആഘോഷിക്കേണ്ടെന്ന സന്ദേശമയച്ച അധ്യാപികക്കെതിരെ കേസ്
27/08/2025  08:39 AM IST
nila
ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാൽ ഇസ്ലാം മതവിശ്വാസികൾ അതിനോട് സഹകരിക്കരുത്; സ്കൂളിൽ ഓണം ആഘോഷിക്കേണ്ടെന്ന സന്ദേശമയച്ച അധ്യാപികക്കെതിരെ കേസ്

സ്‌കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് അധ്യാപിക ശബ്ദസന്ദേശം അയച്ച സംഭവം വിവാദമാകുന്നു. തൃശ്ശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്‌കൂളിലെ അധ്യാപികയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സ്‌കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന സന്ദേശം അയച്ചത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങൾ ഇതിൽ പങ്കാളികളാകരുതെന്നുമായിരുന്നു അധ്യാപിക സന്ദേശത്തിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ ഡിവൈഎഫ്‌ഐ പരാതിയുമായി രം​ഗത്തെത്തി. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ കുന്നംകുളം പൊലീസ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല എന്നാണ് രക്ഷിതാക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ അധ്യാപിക പറയുന്നത്. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാൽ ഇസ്ലാം മതവിശ്വാസികൾ അതിനോട് സഹകരിക്കരുത്. നമ്മൾ മുസ്ലിങ്ങൾ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ,  ടീച്ചർമാർ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിൻസിപ്പാൾ വിശദീകരിച്ചു. നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

ചെറിയ പ്രായത്തിലുള്ള വിദ്യാർത്ഥികളെ മതപരമായി വേർതിരിക്കുന്ന പരാമർശങ്ങളാണ് അധ്യാപിക രക്ഷിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. വിവിധ മതവിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. ആഘോഷത്തിൽ കൂടിയാൽ ഉണ്ടാകുന്ന ഗൗരവം കുട്ടികൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളെ രക്ഷിതാക്കൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കൾക്ക് അയച്ചിട്ടുണ്ട്. അതിൽ കഴിഞ്ഞവർഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാൽ ഈ വർഷം ഏറ്റവും ചുരുങ്ങിയ രീതിയിൽ ഓണം ആഘോഷിച്ചാൽ മതിയെന്നാണ് മാനേജ്‌മെന്റ് തീരുമാനമെന്നാണ് പറയുന്നത്. കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാൻ കെ ജി വിഭാഗം കുട്ടികൾക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ട്. ഓണാഘോഷത്തിൽ ആരാധന വരുന്നുണ്ട്. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലാണെന്നും സന്ദേശത്തിൽ പറയുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img