02:55pm 04 September 2026
NEWS
ടെലഗ്രാം ഗ്രൂപ്പുകൾ വഴി അശ്ലീല ചിത്രങ്ങൾ പണം വാങ്ങി കൈമാറി; പ്രചരിപ്പിച്ചത് അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
04/09/2026  11:59 AM IST
nila
ടെലഗ്രാം ഗ്രൂപ്പുകൾ വഴി അശ്ലീല ചിത്രങ്ങൾ പണം വാങ്ങി കൈമാറി; പ്രചരിപ്പിച്ചത് അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി ശ്രീഹരിയുടെ മൊബൈൽ ഫോണിൽ നിന്ന് ഗുരുതര വിവരങ്ങൾ കണ്ടെത്തിയതായി സഹപാഠികൾ. പൊലീസ് അനുമതിയോടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയത്. തൃക്കാക്കര ഭാരത് മാതാ കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയാണ് അറസ്റ്റിലായ ശ്രീഹരി.

പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർഥികളുടെ ചിത്രങ്ങൾ പലതവണ ദുരുപയോഗം ചെയ്തതായി ഫോൺ പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. ടെലഗ്രാം ഗ്രൂപ്പുകൾ വഴി അശ്ലീല ചിത്രങ്ങൾ പണം വാങ്ങി കൈമാറിയതിന്റെ തെളിവുകളും ഫോണിലുണ്ടായിരുന്നുവെന്നാണ് വിവരം.

ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചുനൽകിയ ശേഷം മോർഫ് ചെയ്ത രൂപത്തിൽ തിരിച്ചുകിട്ടുന്ന രീതിയിലാണ് ചിത്രങ്ങൾ തയ്യാറാക്കിയിരുന്നതെന്നാണ് കണ്ടെത്തൽ. അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും ഉപയോഗിച്ചിരുന്നതായും വിദ്യാർഥികൾ പറയുന്നു.

ക്ലാസ് മുറികളിൽനിന്നും ചിത്രങ്ങൾ പകർത്തിയെന്ന് സംശയം

ക്ലാസ് മുറികളിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് അവ മോർഫ് ചെയ്തതെന്നാണ് സംശയം. ഹോസ്റ്റലിൽനിന്നും ചിത്രങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ശ്രീഹരിയുടെ ഫോൺ ഗാലറിയിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കണ്ടെത്തിയതായി ഫോൺ പരിശോധിച്ച വിദ്യാർഥികൾ പറഞ്ഞു.

തങ്ങൾക്കൊപ്പം പഠിക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ചതായി കോളജിലെ കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. ശ്രീഹരിയെ ഏകദേശം ഒരു മാസം മുൻപാണ് കെ.എസ്.യു മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ചരിത്രം പരിശോധിച്ചല്ല കമ്മിറ്റിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും അവർ വ്യക്തമാക്കി. വീഡിയോ ചിത്രീകരണത്തിൽ കഴിവുള്ള വിദ്യാർഥിയെന്ന നിലയിലാണ് ശ്രീഹരിയെ മീഡിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ തന്നെ ശ്രീഹരിയെ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയെന്നും കെ.എസ്.യു പ്രവർത്തകർ പറഞ്ഞു.

ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർഥികൾക്ക് ഏതാനും മിനിറ്റുകൾ പോലും അതിലെ ഉള്ളടക്കം കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രതികരണം. അത്രയധികം അശ്ലീലമായ രീതിയിലാണ് ചിത്രങ്ങളും വിഡിയോകളും തയ്യാറാക്കിയിരുന്നതെന്നും അവർ പറഞ്ഞു.

കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

ശ്രീഹരിക്ക് പുറമെ മറ്റാർക്കെങ്കിലും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. കോളജിലെ ചില വിദ്യാർഥികൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം, ശ്രീഹരിയുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. കേസിൽ അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img