
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്ന സംശയത്തെ തുടർന്ന് പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് പീഡനത്തിനിരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുത്തൻകുരിശ് പൊലീസ് കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് വന്നിട്ടില്ല.
കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ ബന്ധുക്കളെ ഇന്നലെ രാവിലെ മുതൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെയാണ് ഇന്നലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതിൽ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്.
വിഷയത്തിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളിൽ ചിലർ സംശയനിഴലിലാണ് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.











