
ജ്യോതിഷപ്രകാരം ഒക്ടോബർ 17ന് സൂര്യൻ കന്നി രാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തുടരും. ഈ മാറ്റത്തോടെ തുലാം രാശിയിൽ അപൂർവമായ ഗ്രഹസംഗമത്തിനും വഴിയൊരുങ്ങും. നിലവിൽ ശുക്രനും ബുധനും തുലാം രാശിയിലാണ്.
ബുധനും ശുക്രനും ഒരുമിച്ച് നിൽക്കുന്നതിനാൽ ലക്ഷ്മീനാരായണ രാജയോഗം രൂപപ്പെട്ടതായി ജ്യോതിഷവിശ്വാസമുണ്ട്. ഇതിനുപുറമെ ഒക്ടോബർ 17ന് സൂര്യൻ കൂടി തുലാം രാശിയിലെത്തുന്നതോടെ ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗവും ശുക്രനുമായി ചേർന്ന് ശുക്രാദിത്യ രാജയോഗവും രൂപപ്പെടും. ഈ അപൂർവ ഗ്രഹസംഗമം ചില രാശിക്കാർക്ക് തൊഴിൽ, സാമ്പത്തികം, സാമൂഹിക അംഗീകാരം തുടങ്ങിയ മേഖലകളിൽ അനുകൂല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷം പറയുന്നത്.
മേടം: സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന സമയമായേക്കാം. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും കഴിവുകൾ തെളിയിക്കാനും അവസരങ്ങൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികളിൽ പുരോഗതിയുണ്ടാകാനും സാധ്യതയുണ്ട്.
സാമ്പത്തികമായി വരുമാനം വർധിക്കാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാധിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ഇടപാടുകളും സഹകരണങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്.
ചിങ്ങം: സൂര്യൻ ചിങ്ങം രാശിയുടെ അധിപഗ്രഹമായതിനാൽ ഈ രാശിക്കാർക്ക് സൂര്യന്റെ മാറ്റം പ്രത്യേകമായി അനുകൂലമായേക്കാം. തൊഴിൽ മേഖലയിൽ അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും വർധിക്കും. മേലുദ്യോഗസ്ഥരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്.
സാമ്പത്തിക രംഗത്തും അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കുന്നതിനൊപ്പം മുടങ്ങിക്കിടന്ന പണമിടപാടുകൾ മുന്നോട്ട് പോകാനും സാധ്യതയുണ്ട്. സമൂഹത്തിലെ മാന്യതയും സ്വാധീനവും വർധിച്ചേക്കാം. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന സമയമായിരിക്കുമെന്നാണ് ജ്യോതിഷവിശ്വാസം.
ധനു: സൂര്യന്റെ തുലാം രാശി പ്രവേശനം ധനു രാശിക്കാർക്ക് ഭാഗ്യവും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളും കൊണ്ടുവരുമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്. തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുകയും ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിച്ചേക്കാം.
വിദേശയാത്രയ്ക്കും ദൂരയാത്രകൾക്കും അവസരങ്ങൾ ലഭിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാനും നിക്ഷേപങ്ങളിൽ നിന്ന് ഗുണഫലം ലഭിക്കാനുള്ള സാധ്യത വർധിക്കാനും ഇടയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം രൂപപ്പെടുമെന്നും ജ്യോതിഷവിശ്വാസമുണ്ട്.











